നാഗ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമമാക്കാന്‍ ഉദ്ദേശിക്കുന്ന ‘വര്‍ഗ്ഗീയ കലാപവിരുദ്ധബില്’ ദേശീയ ഐക്യം തകര്‍ത്ത് പൗരന്മാരെ വിഭജിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് മുന്നറിയിപ്പുനല്‍കി. ദേശീയ താല്പര്യത്തെ പരിപൂര്‍ണ്ണമായും നിരാകരിക്കുന്നതാണ് ഈ ബില്ലെന്ന് നാഗ്പൂരില്‍ നടത്തിയ വിജയദശമി പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ കരട് രൂപത്തെ ഭൂരിപക്ഷം അംഗങ്ങളും ശക്തമായി എതിര്ത്തകാര്യം സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ചര്‍ച്ചക്കായി ബില്ലിന്റെ പരിഷ്ക്കരിച്ച രൂപം കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ദേശീയോദ്ഗ്രഥന സമിതിയംഗങ്ങള്‍ക്ക് ഉറപ്പുനല്കുകയുണ്ടായി. എന്നാല്‍ ഭരണഘടനയുടെ അന്തസത്തയെ മറികടന്നുകൊണ്ട് സാമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്. തലതിരിഞ്ഞ ചിന്താഗതിക്കാരുടെ സൃഷ്ടിയാണിത്, സര്‍സംഘചാലക് പറഞ്ഞു.
ഇത്തരം ഒരു വര്‍ഗ്ഗീയ കലാപവിരുദ്ധ ബില്ലിന് രൂപം നല്കാന് ദേശീയ ഉപദേശക സമിതി (എന്‍എസി)യുടെ ഭരണഘടനാ പദവിയും അധികാരവും എന്തെന്ന് വ്യക്തമല്ല. ഈ സമിതിയുടെ അധ്യക്ഷ കേന്ദ്രഭരണത്തിന് നേതൃത്വം നല്കുന്ന യുപിഎ സഖ്യത്തിന്റെ അധ്യക്ഷ കൂടിയാണ്. എന്‍എസിയിലെ ചില അംഗങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. ഇവരില്‍ ചിലരുടെ ഉദ്ദേശ്യശുദ്ധി പരമോന്നത നീതിപീഠം തന്നെ ചോദ്യം ചെയ്തിട്ടുള്ളതാണ്. മന്ത്രിസഭയല്ലേ നമ്മുടെ രാജ്യത്തെ നയിക്കേണ്ടത്, അതോ ഇത്തരം ദേശവിരുദ്ധ ചിന്താഗതിക്കാരോ? നമ്മള് ശരിക്കും സ്വതന്ത്രരാണോ അതോ അദൃശ്യമായ അടിച്ചമര്ത്തലിലാണോ നാം ഇപ്പോഴും ജീവിക്കുന്നത്, സര്‍സംഘചാലക് ചോദിച്ചു.
കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ‘വര്‍ഗ്ഗീയകലാപ വിരുദ്ധ ബില്‍’ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കും. വെറും ആരോപണത്തിന്റെ പേരില്‍ ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും സാധാരണ ഉദ്യോഗസ്ഥനെപ്പോലെ പരിഗണിക്കാന്‍ അധികാരം നല്കുന്ന ബില്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്. പിന്‍വാതിലിലൂടെ അടിയന്താരാവസ്ഥ കൊണ്ടുവരാനുള്ള ശ്രമമാണിതെന്നും സംശയിക്കണം, സര്‍സംഘചാലക് പറഞ്ഞു.
സ്വന്തം താല്പര്യം സംരക്ഷിക്കാനാണ് ഭാരതവുമായുള്ള സാമ്പത്തിക, നയതന്ത്ര, സാംസ്കാരിബന്ധം ശക്തിപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ ദുഷ്ടലാക്ക് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ആയുധ ശക്തി ഉപയോഗിച്ചും ഭാരതം ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനമുറപ്പിക്കാനാണ് ചൈന നോക്കുന്നത്, സര്‍സംഘചാലക് മുന്നറിയിപ്പുനല്‍കി. പാക്കിസ്ഥാനുമായി കൈകോര്‍ത്ത് കാശ്മീരിലെ വടക്കന്‍ പ്രദേശത്ത് ചൈന കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണാനും അവ പരിഹരിക്കാനും രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ശ്രമം വേണമെന്ന് സര്‍സംഘചാലക് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: