കുണ്ടറ: ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ, കാഞ്ഞിരോട് അലിന്ഡിന് സമീപം സരോജവിലാസം എന്ന നസ്രത്ത് വീട്ടില്‍ ജോസ്(46), ഭാര്യ റീന(36), മക്കളായ റീജ(18), സാഗര്‍(15), ജോസിന്റെ അമ്മ ബിയാട്രീസ്(80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലാണ്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇവര്‍ക്ക് അടുത്തിടെയായി ചിലരില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നതായി വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ സൂചനയുണ്ട്. ഭീഷണിപ്പെടുത്തിയവരുടെ പേരും ഫോണ്‍ നമ്പരും കത്തിലുണ്ടെങ്കിലും വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഫോണ്‍ നമ്പരുകള്‍ സൈബര്‍ സെല്ലിനു കൈമാറി.
ഇന്നലെ രാവിലെ 10.30ഓടെ അമ്മയെ കാണാന്‍ ജോസിന്റെ മൂത്തസഹോദരി ഏയ്ഞ്ചല്‍ എത്തുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. അടഞ്ഞു കിടക്കുന്ന ഗേറ്റും മുറ്റത്ത് ചിതറിക്കിടക്കുന്ന പത്രങ്ങളും കണ്ട് അടുത്ത് താമസിക്കുന്ന മറ്റൊരു സഹോദരി ഷാര്‍ലറ്റിനെയും കൂട്ടി എത്തുമ്പോള്‍ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. സംശയം തോന്നി നാട്ടുകാരെത്തി നോക്കുമ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ബിയാട്രീസിന്റെ മൃതദേഹം സ്വീകരണമുറിയില്‍ കട്ടിലിലും റീനയുടേത് തറയിലുമാണ് കാണപ്പെട്ടത്. കിടപ്പുമുറിയിലെ കട്ടിലിലാണ് റീജയുടെയും സാഗറിന്റെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ജോസിന്റേത് കിടപ്പുമുറിയുടെ തറയിലും. ജോസിന്റെ കഴുത്തില്‍ കയര്‍ മുറുകി പൊട്ടിവീണ നിലയിലായിരുന്നു. ബിയാട്രീസിന്റെ കഴുത്തില്‍ സാരി മുറുകിയ നിലയില്‍ കിടപ്പുണ്ടായിരുന്നു. നായയ്ക്ക് ആഹാരം കൊടുക്കുന്ന പാത്രത്തില്‍ വിഷം ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കുണ്ടറ മുക്കടയില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു ജോസ്. അമ്മ ബിയാട്രീസ് എട്ടുവര്‍ഷമായി തളര്‍ന്ന് കിടപ്പിലായിരുന്നു. പഠനത്തില്‍ മിടുക്കിയായ മകള്‍ റീജ കൊല്ലം ഫാത്തിമമാതാ കോളേജില്‍ ഒന്നാംവര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയാണ്. മകന് സാഗര്‍ കാഞ്ഞിരോട് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും. റീജയും റീനയും ബുധനാഴ്ച വൈകിട്ട് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നത് കണ്ടവരുണ്ട്.
ജോസിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെങ്കിലും അത് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കും വിധം ഗുരുതരമായിരുന്നില്ലെന്ന് സഹോദരിമാര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ അയല്‍വാസി കുഴല്‍കിണര്‍ കുഴിക്കുന്നതിനിടയില്‍ ജോസിന്റെ അടുക്കളയ്ക്ക് കേടുപാട് സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നു. നിരവധി വര്‍ഷങ്ങളായി മുക്കട ഓട്ടോ സ്റ്റാന്‍ഡിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോസ് രണ്ടു മൂന്ന് മാസമായി വല്ലപ്പോഴുമേ സ്റ്റാന്ഡിലെത്താറുണ്ടായിരുന്നുള്ളു എന്നും പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ കുണ്ടറ കാഞ്ഞിലോട് പള്ളിയില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: