ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിനെതിരായ പരസ്യപ്രചരണത്തിന് പ്രമുഖ സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ തുടക്കം കുറിച്ചു. ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഹസാരെ രംഗത്തുവന്നിരിക്കുന്നത്.
ശക്തമായ ലോക്പാല്‍ബില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കണമെന്ന് ഹസാരെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. “അഴിമതി സര്‍ക്കാര്‍” എന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സിഡിയിലൂടെയാണ് ഹസാരെ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ പ്രചരണത്തിന് ഹസാരെ പോകുന്നില്ലെങ്കിലും ഹസാരെ സംഘത്തിലുള്ള മറ്റുള്ളവര്‍ സജീവമായി പങ്കെടുക്കും. അരവിന്ദ് കേജ്രിവാള്, ഗോപാല്‍റായി, നവീന്‍ ജയ്ഹിന്ദ്, കിരണ്‍ബേദി എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചരണം തീരുന്ന ഒക്ടോബര്‍ 10 വരെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. ഉപതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിക്ക് നിര്‍ണ്ണായകമാണ്, ഹസാരെ സംഘാംഗമായ കേജ്രിവാള് പറഞ്ഞു. “ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വോട്ടുചെയ്താല്‍ അത് അവര്‍ക്ക് ലഭിക്കുന്ന വലിയ സന്ദേശമായിരിക്കും ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ വോട്ടു കിട്ടില്ലെന്ന സന്ദേശം”, കേജ്രിവാള് പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ജയ്പ്രകാശ് ആണ് ഹിസാര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി. ബിജെപി പിന്തുണയോടെ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകന് കുല്‍ദീപ് ബിഷ്ണോയ് ആണ് പ്രധാന എതിരാളി.
ഇതിനിടെ, അണ്ണാ ഹസാരെ, ബാബ രാംദേവ് എന്നിവരുടെ സമരങ്ങള്‍ക്കുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് താന്‍ പറഞ്ഞത് ശരിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. “അണ്ണാ ഹസാരെയുടെ സമരം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ആര്‍എസ്എസാണ്. ഈ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്”, ദിഗ്വിജയ് സിംഗ് വാര്‍ത്താലേഖകരോട് പറഞ്ഞു.
അണ്ണാ ഹസാരെയുടെ പ്രക്ഷോഭത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദിഗ്വിജയ് സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: