തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലേക്കുയര്ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാണ് വരുന്ന അഞ്ചു വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പന്ത്രണ്ടാം പദ്ധതിയിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഒരുലക്ഷത്തി അയ്യായിരം കോടിയോളം രൂപയുടെ അടങ്കല്‍ തയാറാക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പതിനൊന്നാം പദ്ധതിയില്‍ 40,422 കോടിയായിരുന്നു അടങ്കല്‍ തുക. ഇതിന്റെ 74 ശതമാനം മാത്രമാണ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവഴിച്ചത്. പന്ത്രണ്ടാം പദ്ധതിയുടെ സമീപന രേഖ തയ്യാറായിട്ടുണ്ട്. ഈ രേഖ ഉടന്‍ തന്നെ ആസൂത്രണ കമ്മീഷന്റെ വെബ് സൈറ്റില്‍ ഇടും. ആര്‍ക്കും വെബ്സൈറ്റിലൂടെ തങ്ങളുടെ അഭിപ്രായങ്ങളറിയിക്കാം. വിവിധ കേന്ദ്രങ്ങളില്‍ വച്ച് വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് സമീപന രേഖയ്ക്ക് അവസാന രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആദ്യയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണവും റോഡ് സുരക്ഷയും സംബന്ധിച്ച നയം രൂപീകരിക്കാന്‍ ഇ.ശ്രീധരന് അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിക്കും. പന്ത്രണ്ടാം പദ്ധതിയില്‍ ഇ-ഗവേണന്‍സിന് മുന്‍ഗണന നല്‍കും. ഇതുവരെയുള്ള ഇ-ഗവേണന്‍സിനെ കുറിച്ച് വിലയിരുത്തിയതില്‍ പുരോഗതി തൃപ്തികരമല്ല. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ചീഫ് സെക്രട്ടറി തലവനായ കമ്മിറ്റി ഇത് പരിശോധിക്കും. കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കും. കര്‍ഷക സബ്സിഡി നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്കുന്ന സംവിധാനത്തെ പദ്ധതി ശുപാര്‍ശ ചെയ്യുന്നുണ്ട്. വമ്പിച്ച സാമ്പത്തിക നിക്ഷേപം രാജ്യത്തിനകത്തും പുറത്തും വിദേശ മലയാളികളില്‍ നിന്നും സ്വീകരിക്കുന്നതിന് സമഗ്ര പദ്ധതിക്ക് രൂപം നല്‍കും. എമര്‍ജിംഗ് കേരള കൂടുതല്‍ പ്രയോജനകരമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.ടി രംഗത്ത് കേരളത്തിന്റെ സംഭാവന മൊത്തം രാജ്യത്തിന്റെ സംഭാവനയുടെ ഒരു ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകും. ടൂറിസ്റ്റു കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആരോഗ്യ-തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിച്ച് ആഗോള ബ്രാന്‍ഡ് ഉണ്ടാക്കും. ഊര്‍ജ മേഖലയില്‍ അഞ്ചു വര്‍ഷം കൊണ്ട് വൈദ്യുതി ഉത്പാദനം 100 ശതമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് വികസനം സാധ്യമാകൂ. ഇതിനായി ചെറുകിട ജലവൈദ്യുത പദ്ധതികള്‍, വിന്‍ഡ് എനര്‍ജി എന്നിവയിലൂടെ 700 മെഗാവാട്ട് വരെ ഉത്പാദിപ്പിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി ആധുനിക കോഴ്സുകളും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ശാരീരികവും മാനസികവുമായി വൈകല്യമുള്ളവര്‍ക്ക് വേണ്ട വിദ്യാഭ്യാസവും പരിശീലനവും നല്കി തൊഴില്‍ സജ്ജരാക്കും. നിലവില്‍ ഇവര്‍ക്ക് സംവരണം ചെയ്തിട്ടുള്ള 1144 ഒഴിവുകള്‍ കുടിശ്ശികയായിട്ടുള്ളത് നികത്താന്‍ പിഎസ്സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭവനരഹിതര്‍ക്ക് വീടുകള്‍ നല്‍കാനുള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കും. വീടില്ലാത്ത പന്ത്രണ്ടു ലക്ഷം പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കും. ഇതില്‍ ഏഴു ലക്ഷത്തിലധികം പേര് ഭൂരഹിതരാണ്. ഇവര്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ ഭൂമി കണ്ടെത്തി കേന്ദ്രപദ്ധതികളുടെ സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കും. പാര്‍പ്പിട പദ്ധതികള്‍ക്കായി ഒരു വര്‍ഷം 500 കോടി രൂപ കണ്ടെത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി വിനിയോഗിക്കാന്‍ കേന്ദ്രത്തിനോട് ഫണ്ട് ആവശ്യപ്പെടും. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കും. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യത്തിനും പ്രത്യേക ഊന്നല്‍ നല്‍കും. വനിതാ-ശിശു ക്ഷേമ സംരക്ഷണത്തിന് പ്രത്യേക വകുപ്പു രൂപീകരിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പന്ത്രണ്ടാംപദ്ധതിയില്‍ ആസൂത്രണ ബോര്‍ഡിന് വളരെ പ്രധാന പങ്കാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, ജോസഫ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് ചന്ദ്രശേഖര്‍, അംഗങ്ങളായ വിജയരാഘവന്, സി.പി.ജോണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: