കൊച്ചി: ഗെയില്‍ വാതകപൈപ്പ്ലൈന്‍ പദ്ധതി ജനവാസമേഖലകളില്‍നിന്ന് ഒഴിവാക്കി പൊതുനിരത്തുകള്‍ വഴിയോ കടല്‍മാര്‍ഗമോ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പീഡിത ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാകളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും ജനരോക്ഷം ആര്‍ത്തിരമ്പി, കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ നിരാലംബരുടെ കളക്ടറേറ്റ് മാര്‍ച്ചിന് പി.രാജീവ് എംപി നേതൃത്വം നല്കി.
തുടര്‍ന്ന് നടന്ന ധര്‍ണ ജസ്റ്റിസ്.വി.ആര്.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലകളില്‍കൂടി വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ഗെയില്‍ നീക്കം ഉപേക്ഷിച്ച് പൊതുനിരത്തുകള്‍ വഴിയോ കടല്‍ മാര്‍ഗമോ പദ്ധതിനടപ്പിലാക്കണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഈ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കും പെട്രോളിയം മന്ത്രാലയത്തിനും കത്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പീഡിത ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ടി.ജെ.ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ടി.കെ.ഷാജഹാന് കണ്‍വീനര്‍ സി.കെ.അബ്ദുള്‍ സലാം, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു.പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, എ.എം.യൂസഫ്, പി.കെ.സുരേഷ് ബാബു, കെ.വി.പോള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: