സ്റ്റോക്ഖോം: 2011 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വീഡിഷ് കവി തോമസ് ട്രാന്‍സ്ട്രോമറിന്. സര്‍റിയലിസ്റ്റിക് ഗവേഷണത്തില്പ്പെടുന്ന ഇദ്ദേഹത്തിന്റെ കവിതകളിലധികവും മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങളെ ഭാവാത്മകമായി ചിത്രീകരിച്ചവയാണ്. രണ്ടാംലോകമഹായുദ്ധകാലം മുതല്ക്കേ ഇത്തരം കവിതകള്‍ സ്കാന്ഡിനേവിയന് എഴുത്തുകാരുടെ മുന്‍നിരയില്‍ തോമസിനെ എത്തിച്ചു.
യാഥാര്‍ത്ഥ്യത്തിന്റെ ദൈന്യതകളെ അനുവാചകനിലേക്ക് നൈര്‍മല്യത്തോടെ ആവിഷ്കരിക്കുന്ന രീതിയാണ് തോമസ് ട്രാന്സ്ട്രോമറിനെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് കമ്മറ്റി വിലയിരുത്തി.
1990 ല്‍ ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടെങ്കിലും തോമസ് എഴുത്ത് നിര്‍ത്തിയില്ല. 2004 ല്‍ ‘ദ ഗ്രേറ്റ് എനിഗ്മ’ എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50 ലധികം ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുള്ള തോമസിന്റെ കൃതികള്‍ ആഗോളതലത്തില്‍ പ്രത്യേകിച്ചും, വടക്കന്‍ അമേരിക്കയിലെ കവികളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 1966 കാലഘട്ടത്തിലാണ് തോമസിന്റെ മികച്ച സൃഷ്ടികള്‍ ഉണ്ടായിട്ടുള്ളത്.
തോമസിന്റെ എണ്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രസാധകരായ ‘ബോണിയേഴ്സ് ഹൗസ്’ 1954 മുതല്‍ 2004 വരെയുള്ള അദ്ദേഹത്തിന്റെ മികച്ച കൃതികള്‍ ഈ വര്‍ഷമാദ്യം പുറത്തിറക്കിയിരുന്നു. 1931 ല്‍ സ്റ്റോക്ഖോമിലാണ് തോമസ് ട്രാന്‍സ്ട്രോമര്‍ ജനിച്ചത്. 23-ാം വയസിലാണ് തോമസിന്റെ ആദ്യകവിതാസമാഹാരമായ ‘സെവന്റീന്‍ പോയംസ്’ പുറത്തിറങ്ങുന്നത്. സ്റ്റോഖോം സര്‍വകലാശാലയില്‍നിന്നും സൈക്കോളജിയില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. സിറിയന്‍ കവി അഡോണ്‍, പോളിഷ് കവി അദം സജാവെസ്കി, കൊറിയന്‍ കവി കൊ യു എന്‍ എന്നിവരെ പിന്തള്ളിയാണ് ട്രാന്‍സ്ട്രോമര്‍ പുരസ്കാരം കരസ്ഥമാക്കിയത്.
മലയാളകവി സച്ചിദാനന്ദന്, ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി, രാജസ്ഥാനി കഥാകൃത്ത് വിജയ്ദാന്‍ ദേത്ത എന്നിവര്‍ ഇന്ത്യയില്‍നിന്നും നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു. രസതന്ത്രത്തിനുള്ള ഈവര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇസ്രയേല്‍ ശാസ്ത്രജ്ഞന് ഡോ. ഡാനിയേല്‍ ഷെഫ്മാന് കരസ്ഥമാക്കി. ഇസ്രയേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ തന്മാത്രഘടനയിലുള്ള കണ്ടെത്തലാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തികച്ചും അസാധ്യമെന്ന് കരുതപ്പെട്ടിരുന്നതാണ് ക്വാസി ക്രിസ്റ്റലിനെക്കുറിച്ചുള്ള കണ്ടെത്തലെന്ന് അവാര്‍ഡ്കമ്മറ്റി വിലയിരുത്തി. പുരസ്കാരം പങ്കുവെക്കപ്പെടാത്തതിനാല് ഷെഫ്മാന് ഒരു കോടി സ്വീഡിഷ് ക്രോണറിയാണ് (ഏകദേശം 7.13 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: