മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലാ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മഞ്ഞപ്പിത്തം, എലിപ്പനി, വൈറല്‍പനി, ചിക്കന്‍പോക്സ് എന്നിവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി രംഗത്തുണ്ടെങ്കിലും പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിനോ, ജനങ്ങളുടെ ഭീതി അകറ്റുന്നതിനോ കഴിയുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി മേഖലയില്‍ എലിപ്പനിമൂലം രണ്ട് മരണങ്ങള് സംഭവിച്ചു. മഞ്ഞപ്പിത്തം മൂലം മൂന്ന് മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് മലിനജലം ഒഴുകിനടന്നതും വീടുകളും നിത്യോപയോഗ സാധനങ്ങളും മലിന ജലം മൂലം നശിക്കപ്പെടുകയും ചെയ്തത് പകര്‍ച്ചവ്യാധി രോഗപകര്‍ച്ചക്ക് ഗതിവേഗം കൂട്ടിയതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മഴക്കാലത്ത് വൈറല്‍ പനിയും തലവേദന-സന്ധിവേദന എന്നിവയോടെ ആശുപത്രികളില്‍ ചികിത്സതേടിയെത്തിയവരിലാണ് പകര്‍ച്ചവ്യാധിരോഗങ്ങള്‍ കണ്ടുതുടങ്ങിത്. മാലിന്യനീക്കം നടക്കാത്തതും ഓടകളിലെ മാലിന്യങ്ങള്‍ വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് ഒഴുകിയെത്തിയതും ജനങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ സമ്മാനിക്കുവാനിടയാക്കിയതായാണ് പറയുന്നത്. കോര്പ്പറേഷന്-സര്‍ക്കാര്‍ ഏജന്‍സികളുടെ നിസ്സഹകരണവും അലംഭാവവും അവഗണനയും പകര്‍ച്ചവ്യാധിരോഗം വ്യാപകമാകുവാനും മരണത്തിനു കാരണമായതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വെളി, ചുള്ളിക്കല്‍, നസ്രത്ത്, തോപ്പുംപടി, പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി മേഖലകളിലാണ് പകര്‍ച്ചവ്യാധി രോഗപകര്‍ച്ച വ്യാപകമായി കണ്ടുവരുന്നത്. കുടിവെള്ളത്തിലെ മാലിന്യതോത് വര്‍ദ്ധനവും ശുചീകരണത്തിലെ അപാകതയും വൃത്തിഹീനമായ അന്തരീക്ഷവുമാണ് പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നത്. എലിപ്പനിയും മഞ്ഞപ്പിത്തവുമാണ് ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയ രോഗങ്ങള്‍. എന്നാല്‍ പിന്നീട് വൈറല്‍ പനിയും, ചിക്കന്‍പോക്സും വ്യാപകമായി തുടങ്ങി. ഒരുകാലത്ത് ടൈഫോയ്ഡ് രോഗഭീതിയിലായിരുന്ന പശ്ചിമകൊച്ചി ഇന്ന് മാരകമായ പകര്‍ച്ചവ്യാധികളുടെ കൈപിടിയിലമരുകയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മുന്‍കാലങ്ങളില്‍ രോഗമൂര്‍ച്ചയും ഗുരുതരാവസ്ഥയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രോഗികള്‍ മരിക്കുന്നത് അടുത്ത കാലത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് ജനങ്ങളില്‍ ഏറെ ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. ആരോഗ്യവകുപ്പ് അധികൃതര്‍പോലും പകര്‍ച്ചവ്യാധി രോഗഭീതി ഒഴിവാക്കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഹോമിയോ മരുന്ന് വിതരണ ക്യാമ്പുകള്‍, ആയുര്‍വേദമരുന്ന് വിതരണം, സൗജന്യരോഗനിര്‍ണ്ണയ ക്യാമ്പുകള്‍ എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇവക്കൊന്നും ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞില്ലെന്ന് വിവിധ കേന്ദ്രങ്ങള്‍ പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ പനിമൂലം പ്രതിദിനം നൂറിലേറെ രോഗികളാണ് ചികിത്സതേടിയെത്തുന്നത്. ഇവിടെയാകട്ടെ പകര്‍ച്ചവ്യാധി രോഗനിര്‍ണ്ണയം വ്യക്തമാക്കപ്പെടുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: