റാലെഗാവ് സിദ്ധി (മഹാരാഷ്ട്ര): അഴിമതിവിരുദ്ധ ജന്‍ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ വഞ്ചനാപരമായ നിലപാട് തുടരുന്ന കോണ്‍ഗ്രസിനെതിരെ അതിശക്തമായ പ്രചരണത്തിന് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ജന്‍ലോക്പാല്‍ ബില്ല് പാസാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ തുറന്നുകാട്ടുമെന്ന് ഹസാരെ മുന്നറിയിപ്പ് നല്കി.
ബില്ല് മനഃപൂര്‍വം വൈകിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയാവും ഹസാരെ ആദ്യം സമീപിക്കുക. ഈ മാസം 13 ന് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ബില്ല് ശീതകാല സമ്മേളനത്തില്‍ പാസാക്കിയില്ലെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യരുതെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറഞ്ഞ് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് പൂനെയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ജന്മഗ്രാമമായ റാലെഗാവ് സിദ്ധിയില്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 13-15 തീയതികളില്‍ യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജന്‍ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട മൂന്ന് ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാംലീലാ മൈതാനത്ത് 12 ദിവസം നീണ്ട നിരാഹാര സത്യഗ്രഹം അണ്ണാ ഹസാരെ പിന്‍വലിച്ചത്. ഹസാരെ സത്യഗ്രഹം അവസാനിപ്പിച്ചതോടെ ഉരുണ്ടുകളി തുടങ്ങിയ കോണ്‍ഗ്രസ് തുടര്‍ന്ന് ബില്ല് അട്ടിമറിക്കാനുള്ള നീക്കത്തിലായിരുന്നു.
യുപിയില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ലക്നോയില്‍ നിരാഹാരസത്യഗ്രഹമിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും മറ്റ് പല രാഷ്ട്രീയ നേതാക്കളും ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണച്ച് കത്തുകളയച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് ആരും മിണ്ടിയിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രതികരണം അറിയാന്‍ രണ്ടുദിവസംകൂടി കാത്തിരിക്കും. ഉണ്ടായില്ലെങ്കില്‍ അവര്‍ക്കെതിരെ പ്രചരണം ആരംഭിക്കും. “അവര്‍ എന്നെ ജയിലിലടച്ചു; രാംലീലാ മൈതാനത്ത് ബാബാ രാംദേവിന്റെ നിരപരാധികളായ അനുയായികളെ തല്ലിച്ചതച്ച നടപടി ഒരു സര്‍ക്കാരിന് ചേര്‍ന്നതാണോ?” ഹസാരെ ചോദിച്ചു.
ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ആശ്യപ്പെടാതെ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളില്‍നിന്ന് നല്ല വ്യക്തികളെ തെരഞ്ഞെടുക്കാനാവും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക. “പാര്‍ട്ടി നേരെയല്ലെങ്കില്‍ സംശുദ്ധ സ്ഥാനാര്‍ത്ഥിയുണ്ടായിട്ട് എന്തുകാര്യം. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ശുദ്ധനാണെങ്കിലും അദ്ദേഹം വിദൂര നിയന്ത്രണത്തിലാണ്”. താനൊരു ബിജെപി അനുകൂലിയായി ചിത്രീകരിക്കപ്പെടില്ലേ എന്ന ചോദ്യത്തിന് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഭ്രാന്താശുപത്രിയിലാക്കണമെന്നായിരുന്നു ഹസാരെയുടെ മറുപടി.
ഇതേസമയം, കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്താനുള്ള ഹസാരെയുടെ തീരുമാനം നിര്‍ഭാഗ്യകരമെന്ന് പാര്‍ട്ടി വക്താവ് റഷീദ് ആല്‍വി ന്യൂദല്‍ഹിയില്‍ പ്രതികരിച്ചു. ആരെയും എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം എല്ലാ പൗരന്മാര്ക്കുമുണ്ടെങ്കിലും അണ്ണാ ഹസാരെയില്‍നിന്ന് ഇത്തരം പ്രസ്താവനകളുണ്ടായത് നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ലോക്പാല്‍ പ്രശ്നത്തില്‍ പാര്‍ലമെന്റ് പ്രതിനിധീകരിക്കുന്ന രാഷ്ട്രത്തിന്റെ താല്‍പ്പര്യത്തെ ഹസാരെ കണക്കിലെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: