Categories: Ernakulam

പകര്‍ച്ചവ്യാധി: വീടുകള്‍ തോറും പരിശോധന നടത്തും- ജില്ലാ കളക്ടര്‍

Published by

കൊച്ചി: ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീടുകള്‍തോറും കയറി പരിശോധന നടത്തുന്നതിനായി പ്രത്യേക സംഘത്തിന്‌ മൂന്ന്‌ ദിവസത്തിനുള്ളില്‍ രൂപം നല്‍കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ജില്ലയില്‍ ഒക്ടോബര്‍ ഏഴ്‌ മുതല്‍ സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങും. ജില്ലയില്‍ പ്രധാനമായും 41 പഞ്ചായത്തുകളിലാണ്‌ പകര്‍ച്ച പനി കൂടുതലായി കാണുന്നത്‌. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

വാര്‍ഡ്‌ തലത്തില്‍ രൂപീകരിക്കുന്ന പ്രത്യേ സംഘത്തിന്റെ പ്രവര്‍ത്തനം പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കും. ഇവരുടെ പ്രര്‍ത്തനത്തിനായി പ്രത്യേക പാനല്‍ തയ്യാറാക്കും. ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക്‌ പുറമെ സന്നദ്ധ സംഘടനകള്‍, റെഡ്ക്രോസ്‌ പ്രതിനിധികള്‍, കുടുംബശ്രി, ആശ വര്‍ക്കര്‍മാര്‍, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാവും പ്രത്യേക സംഘങ്ങളുടെ രൂപീകരണം.

ഒരു സംഘം ദിവസത്തില്‍ 15 വീടുകളെങ്കിലും സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ആയുര്‍വ്വേദ, ഹോമിയോ, അലോപ്പതി വകുപ്പുകളുടെയും സഹായത്തോടെയായിരിക്കും സംഘം പ്രവര്‍ത്തിക്കുക. സംഘത്തിന്റെ രൂപീകരണാര്‍ത്ഥം പഞ്ചായത്ത്‌ അംഗങ്ങളുടേയും ഹെല്‍ത്ത്‌ ഓഫീസര്‍മാരുടേയും സെക്രട്ടറിമാരുടേയും നേതൃത്വത്തില്‍ ഇന്ന്‌ അടിയന്തര യോഗം ചേര്‍ന്ന്‌ പ്രത്യേക സംഘത്തിന്‌ രൂപം നല്‍കും.

പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ ആവശ്യമുള്ള പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ സംഘങ്ങള്‍ നല്‍കും. എല്ലാ വീടുകളിലും പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമായും നല്‍കും. ആവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടം നല്‍കുമെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു. തൊഴിലുറപ്പ്‌ ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ രോഗങ്ങള്‍ പടരുന്നതായി കാണുന്നുണ്ട്‌. തൊഴിലെടുക്കുന്ന പ്രദേശത്ത്‌ ചെന്ന്‌ മരുന്നുകള്‍ എത്തിക്കും. മരുന്നിനു പുറമെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്‌ എല്ലാ വീടുകള്‍ക്കും ക്ലോറിന്‍ പൗഡര്‍ വിതരണം ചെയ്യും. താഴെതട്ടില്‍ ചികിത്സാലഭ്യത ഉറപ്പുവരുത്തുകയാണ്‌ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന്‌ കളക്ടര്‍ പറഞ്ഞു.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമുള്ള വാഹന സൗകര്യം ഡി.എം.ഒ ലഭ്യമാക്കും. പ്രത്യേക സംഘത്തിന്റെ പരിശോധനയില്‍ വൃത്തിഹീനമായ കിണറുകളും കുടിവെള്ള സ്രോതസ്സും കണ്ടെത്തിയാല്‍ അവ ശുചീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കും. സംഘത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്കിടയില്‍ ടോയ്‌ലെറ്റിന്റെ അഭാവമുണ്ടെങ്കില്‍ നിര്‍മ്മിച്ചു നല്‍കാനുള്ള നടപടിയും സ്വീകരിക്കും.

എടയ്‌ക്കാട്ടുവയല്‍, വാരപ്പെട്ടി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി പകര്‍ച്ചവ്യാധി കൂടുതല്‍ കാണപ്പെടുന്നതായി ഡി.എം.ഒ ആര്‍.സുധാകരന്‍ പറഞ്ഞു. തട്ടുകടകളിലൂടെ പകര്‍ച്ചവ്യാധികള്‍ വന്‍തോതില്‍ പകരുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.എം.ഒ ഡോ.ആര്‍.സുധാകരന്‍, അഡീഷണല്‍ ഡി.എം.ഒ ഡോ.ഹസീന മുഹമ്മദ്‌, ഹോമിയോ ഡി.എം.ഒ ഡോ.അമൃതാകുമാരി, ആയുര്‍വ്വേദ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ,ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലെ ഡോ.റെക്സ്‌ പി നെല്‍സണ്‍, മറ്റു വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by