ധര്‍മ്മശാല: തിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ നടത്താനിരുന്ന ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. നിശ്ചിത സമയത്തിനുള്ളില്‍ വിസ ലഭ്യമാക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ യാത്ര റദ്ദാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം. നൊബേല്‍ പുരസ്കാര ജേതാവായ ആര്‍ച്ച്ബിഷപ്പ് റെസ്മണ്ട് ടുട്ടുവിന്റെ എണ്‍പതാം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ് ദലൈലാമ ക്ഷണിക്കപ്പെട്ടിരുന്നത്.
ഇതോടൊപ്പം ദക്ഷിണാഫ്രിക്കന്‍ ഉപരാഷ്ട്രപതി കെഗ്ലീമ മൊതാല്തെ കഴിഞ്ഞയാഴ്ച ചൈന സന്ദര്‍ശിച്ചതിനെത്തുടര്‍ന്നാണ് ദലൈലാമയ്ക്ക് വിസ നിഷേധിക്കപ്പെട്ടതെന്നും വാര്‍ത്തയുണ്ട്. ചൈനയുമായി ശക്തമായ ഉഭയകക്ഷി ബന്ധങ്ങളുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. സമയത്തിന് വിസ ലഭ്യമാകാതിരുന്ന സാഹചര്യത്തില്‍ ദലൈലാമ സന്ദര്‍ശനം റദ്ദാക്കുകയാണെന്നും ആര്‍ക്കും യാതൊരുവിധമായ അസൗകര്യങ്ങളുണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും ധര്‍മ്മശാലയിലുള്ള ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
ഇതേസമയം ആര്‍ച്ച്ബിഷപ്പ് റെസ്മണ്ട് ടുട്ടുവിന്റെ ഓഫീസ് ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ദലൈലാമയെപ്പോലുള്ള ഒരു ആത്മീയാചാര്യന് വിസ നിഷേധിച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഇതേവരെ പ്രസ്താവനയൊന്നുമിറക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: