കൊച്ചി: കുന്നത്തുനാട്, മൂവാറ്റുപുഴ, ആലുവ, കോതമംഗലം താലൂക്കുകളില്‍ പെരുകി വരുന്ന പ്ലൈവുഡ് നിര്‍മാണ കമ്പനികള്‍ നിമിത്തമുണ്ടാകുന്ന മാരകമായ മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം ആരംഭിക്കുന്നു. പ്ലൈവുഡ് വ്യവസായശാലകള്‍ പാര്‍പ്പിട മേഖലകളില്‍ നിന്ന് മാറ്റി സ്ഥാപിക്കുക, മലിനീകരണത്തിന്റെ ഫലമായി ജനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുക, അന്യസംസ്ഥാന തൊഴിലാളികളുടെ പെരുപ്പം സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 6ന് പെരുമ്പാവൂര്‍ ടൗണില്‍ സമരപ്രഖ്യാപന സമ്മേളനവും പരിസ്ഥിതി സംരക്ഷണ റാലിയും സംഘടിപ്പിക്കും. മലിനീകരണത്തെ ചെറുക്കാന്‍ പരിസ്ഥിതി സംഘടനകളും റസിഡന്റ്സ് അസ്സോസിയേഷനുകളും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ഐക്യവേദിയാണ് പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍.
മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുമതി നല്കുന്നതു സംബന്ധിച്ച 2002ലെ സുപ്രീംകോടതിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് പ്ലൈവുഡ് കമ്പനികളില്‍ ഭൂരിപക്ഷത്തിനും വനംവകുപ്പിന്റെ എന്‍ഒസി ലഭിച്ചിട്ടില്ല. ഇത്തരം കമ്പനികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുവാന്‍ വനംവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂട്ടുനില്‍ക്കുകയാണ്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ദൂരപരിധിയും ഉറപ്പുവരുത്തേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്‍ഒസി അനുവദിക്കേണ്ട ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നിലവിലുള്ള കമ്പനികളും യഥാര്‍ത്ഥ എണ്ണം മറച്ചുവയ്ക്കുകയാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് വര്‍ഗീസ് പുല്ലുവഴി, കണ്‍വീനര്‍ കെ.എ.ജയന്, ട്രഷറര്‍ കെ.ആര്.നാരായണപിള്ള എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: