Categories: India

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികനില പരിശോധിച്ചു

Published by

ജമ്മു: ചൈനയുമായുള്ള ഇന്ത്യയുടെ യഥാര്‍ത്ഥ നിയന്ത്രണരേഖയും പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ നിലയും ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡ്‌ തലവന്‍ ലഫ്‌. ജനറല്‍ കെ.ടി. പര്‍നായിക്‌ പരിശോധിച്ചു. സിയാച്ചിന്‍ മേഖലയിലും ചൈന, പാക്‌ അതിര്‍ത്തികളിലും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ അതിര്‍ത്തിയിലെ ജാഗ്രതയും നിയന്ത്രണരേഖകള്‍ കാത്തുസൂക്ഷിക്കുന്നതിന്‌ കൈക്കൊണ്ട നടപടികളും പരിശോധനാവിധേയമാക്കിയതായി വടക്കന്‍ മൊണ്ട്‌ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വിശദീകരിക്കുന്നു. ചൈനയുമായുള്ള ലഡാക്ക്‌ അതിര്‍ത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കമാന്‍ഡ്‌ തലവന്‌ കൈമാറി. നിതാന്ത ജാഗ്രത പുലര്‍ത്താനും അതിര്‍ത്തികളുടെ വിശുദ്ധി കാത്തുസൂക്ഷിക്കാനും അദ്ദേഹം അണികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശംനല്‍കിയതായും വാര്‍ത്താകുറിപ്പ്‌ അറിയിക്കുന്നു. അര്‍പ്പണത്തോളം തികഞ്ഞ സാങ്കേതിക തികവോടെയും കഷ്ടതകളെ മിറകടന്നുകൊണ്ട്‌ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രത നിങ്ങള്‍ പുലര്‍ത്തുന്നുവെന്നും പര്‍നായിക്‌ എടുത്തുപറഞ്ഞു. ഈ പ്രദേശത്ത്‌ മറ്റ്‌ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിനെക്കുറിച്ച്‌ പ്രോജക്ട്‌ ഹിമാംഗ്‌ ചീഫ്‌ എഞ്ചിനീയര്‍ അദ്ദേഹത്തോടു സംസാരിച്ചു. നവീകരണവും അടിസ്ഥാന വികസനവും സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍പ്പെടുന്നതായി അദ്ദേഹം അറിയിച്ചു. സിയാച്ചിന്‍ പ്രദേശത്തെ മുന്നണി മേഖലകള്‍ അദ്ദേഹം ഇന്ന്‌ സന്ദര്‍ശിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by