കാബൂള്‍: ബര്‍ഹാനുദീന്‍ റബ്ബാനിയെ വധിച്ചത് തങ്ങളല്ലെന്ന് ഹഖാനി ശൃംഖലയുടെ നേതാവ്. റബ്ബാനിക്കെതിരായ ആക്രമണത്തില്‍ അഫ്ഗാന് ഉദ്യോഗസ്ഥര്‍ താലിബാന് ബന്ധമുള്ള ഹഖാനിയെ സംശയിച്ചിരുന്നു. തന്റെ ഭീകര ശൃംഖലക്ക് ഐഎസ്ഐയുമായി ബന്ധമില്ലെന്ന് ഹഖാനി നേതാവ് സിറാജ് ഹഖാനി വാര്‍ത്താലേഖകരെ അറിയിച്ചു. ബിബിസിയുടെ ചോദ്യത്തിന് ശബ്ദ സന്ദേശത്തിലൂടെ നല്കിയ മറുപടിയിലാണ് സിറാജ് ഹഖാനി ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യങ്ങള്‍ ഒരു മൂന്നാമന് വശം കൊടുത്തയക്കുകയും ശബ്ദലേഖനം ചെയ്ത് ഉത്തരങ്ങള്‍ ലഭിക്കുകയുമാണുണ്ടായത്. ഈ ഭീകരസംഘടനയുടെ സ്ഥാപകനായ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജ്. പാക് ചാര സംഘടനയായ ഐഎസ്ഐക്കൊപ്പം മറ്റു രാജ്യങ്ങളിലെ ചാരസംഘടനകളുമായും തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സിറാജ് അറിയിച്ചു. അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്കന്‍ ഭരണകൂടം തന്നെ നിര്‍ബന്ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഒരു ഗറില്ല ശക്തിയെന്ന നിലയില്‍ 30 വര്‍ഷത്തെ ചരിത്രമാണ് ഹഖാനി ശൃംഖലയ്ക്കുള്ളത്. അവരെ പിന്തുണക്കുന്നവരുടെ ദൃഷ്ടിയില് അവര്‍ യുദ്ധം തൊഴിലായി സ്വീകരിച്ചവരാണ്. എന്നാല്‍ എതിര്‍ക്കുന്നവരുടെ അഭിപ്രായത്തില്‍ ഇസ്ലാം തത്വസംഹിതകള്‍ കയ്യാളുന്ന ഒരുകൂട്ടം അക്രമികളാണ്. സംരക്ഷണം നലകുന്ന സംഘങ്ങളുടെ നടത്തിപ്പും രത്നങ്ങളുടെ കള്ളക്കടത്തും ധനത്തിനായി തട്ടിക്കൊണ്ടുപോകലും ഇവര്‍ നടത്തുന്നതായി ആരോപിക്കപ്പെടുന്നു. കാബൂളില്‍ നടത്തിയ ശക്തിയേറിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇവരായിരുന്നുവെന്നു കരുതപ്പെടുന്നു. താലിബാനില്‍നിന്ന് ഒരു സമാധാന സന്ദേശമുണ്ടെന്ന വ്യാജേന ബര്‍ഹാനുദീന്‍ റബ്ബാനിയെ സെപ്തംബര്‍ 20-ാം തീയതി സന്ദര്‍ശിച്ചവരാണ് അദ്ദേഹത്തെ വധിച്ചത്. തലപ്പാവിനുള്ളില്‍ ഒളിച്ചുവെച്ച ബോംബ് പൊട്ടിത്തെറിപ്പിച്ചായിരുന്നു ചാവേര്‍ ആ ദൗത്യം നിര്‍വഹിച്ചത്. തങ്ങള്‍ റബ്ബാനിയുടെ വധത്തിനുത്തരവാദിയല്ലെന്ന് ഇസ്ലാമിക് എമിറേറ്റ്സിലെ വക്താവ് ആവര്‍ത്തിച്ചിരുന്നുവെന്നും ഹഖാനി അറിയിച്ചു. 1996 ല്‍ നിയന്ത്രണമേറ്റെടുത്തശേഷം ഇസ്ലാമിക് എമിറേറ്റുകള്‍ എന്നാണ് അഫ്ഗാനിസ്ഥാന് ഭീകരവാദികള്‍ പേരിട്ടിരിക്കുന്നത്. കൊലയാളി പാക്കിസ്ഥാന്‍കാരനാണെന്നും ഇതിനുള്ള ആസൂത്രണം നടന്നത് പാക്കിസ്ഥാനിലെ ക്വറ്റ നഗരത്തിലാണെന്നും അഫ്ഗാനിലെ അന്വേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് അന്വേഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ അത് പാക്കിസ്ഥാന് നിഷേധിക്കുകയാണ്. ഹഖാനി ശൃംഖലയുമായുള്ള പാക് ബന്ധത്തെ അഫ്ഗാനിസ്ഥാനും അമേരിക്കയും അപലപിച്ചിട്ടുണ്ട്. കാബൂളിലെ അമേരിക്കന്‍ എംബസിക്കും നാറ്റോ കേന്ദ്രത്തിനുമെതിരെ ആക്രമണം നടത്തിയത് അഫ്ഗാനിസ്ഥാനാണെന്ന് ഹഖാനി പറഞ്ഞു. ഈ ആക്രമണം മിലിട്ടറി കൗണ്‍സിലിന്റെ ആജ്ഞപ്രകാരമാണെന്നും വ്യക്തികളുടെ ചെയ്തികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1980 ല്‍ സോവിയറ്റ് അധിനിവേശക്കാലത്ത് മുജഹിദ്ദീന്‍ ഭീകരവാദികള്‍ക്ക് പാക്കിസ്ഥാനിലേയും മറ്റു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടായിരുന്നു. അമേരിക്കയുടെ ആധിപത്യം വന്നതോടെ മറ്റു രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘടനകളുമായുള്ള തങ്ങളുടെ ബന്ധം അവസാനിച്ചുവെന്ന് ഹഖാനി കൂട്ടിച്ചേര്‍ത്തു. അമേരിക്കയടക്കം പല രാജ്യങ്ങളും ഇപ്പോഴും ഹഖാനി ശൃംഖലയെ ബന്ധപ്പെട്ട് ജിഹാദ് അവസാനിപ്പിക്കാനും ഇപ്പോഴത്തെ അഫ്ഗാന് സര്‍ക്കാരില്‍ മുഖ്യ പങ്കാളിയാകാനും ആവശ്യപ്പെടാറുണ്ട്. ഇത്തരക്കാരുടെ ലക്ഷ്യം സമാധാനമല്ല മറിച്ച് മുജാഹിദുകളില്‍ പരിഭ്രമമുണ്ടാക്കുകയാണ് അവര്‍ക്ക് വേണ്ടത്. ഹഖാനിക്ക് പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന ആരോപണം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവരുടെ പരാജയം മറച്ചുവെക്കാനുമാണ്. എന്നാല്‍ ഹഖാനിക്ക് ഐഎസ്ഐ ബന്ധമുണ്ടെന്നും ഐഎസ്ഐ ആണ് ഹഖാനി ഗ്രൂപ്പിനെ സൃഷ്ടിച്ചതെന്നും ഒരു മുതിര്‍ന്ന അഫ്ഗാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഹഖാനി ശൃംഖലക്ക് രഹസ്യവിവരങ്ങളും തന്ത്രപരമായ ഉപദേശവും പരിശീലനവും നല്‍കുന്നത് ഐഎസ്ഐ ആണ്. ലഷ്ക്കറെ തൊയ്ബപോലുള്ള വിഭാഗങ്ങള്‍ അവര്‍ക്ക് പടയാളികളെയും യുദ്ധാനുഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും നല്കുന്നു. ഇരുവരും ചേര്‍ന്നാണ് കാശ്മീരില്‍ അക്രമങ്ങള്‍ നടത്തുന്നത്, ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
മുല്ല ഒമര്‍ തങ്ങളുടെ നേതാവാണെന്നും തങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുമെന്നും ഹഖാനി അറിയിച്ചു. പാശ്ചാത്യരുടെ കളികള്‍ക്ക് അവസാനമായിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ യുദ്ധത്തിലും തങ്ങള്‍ക്ക് ആജ്ഞകള്‍ ലഭിക്കുന്നതും അഫ്ഗാന് നേതൃത്വത്തില്‍നിന്നാണെന്നും ഹഖാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: