കൊച്ചി: കാല്പത്തി നഷ്ടപ്പെട്ട് വേദന സഹിക്കാനാവാതെ ആശുപത്രി കിടക്കയില്‍ പിഞ്ചുബാലിക ദേവിക പൊട്ടിക്കരയുമ്പോള്‍ ആശ്വസിപ്പിക്കാനാവാതെ അച്ഛന് ദീപക്ചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അമ്മ പോയതറിയാതെ അമ്മയെ വിളിച്ച് വാവിട്ട് കരയുമ്പോള്‍ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കേഴുകയാണ് ആശുപത്രി ജീവനക്കാരും ബന്ധുക്കളും.
അപകടത്തില്‍ ചതഞ്ഞരഞ്ഞ്പോയ ഉപ്പുറ്റിയുടെ മുപ്പത് ശതമാനം ഭാഗം ഇന്നലെ തുന്നിച്ചേര്‍ത്തു.മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്ജന് ഡോ. ഭാസ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഉപ്പുറ്റിയുടെ അവശേഷിച്ച ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുകയും സ്റ്റീല്‍ പാഡ് പിടിപ്പിക്കുകയും ചെയ്തത്. ഉപ്പുറ്റിയുടെ 70 ശതമാനം ഭാഗവുംനഷ്ടപ്പെട്ടിരുന്നു. ബാക്കി ഭാഗം തുന്നിച്ചേര്‍ത്തു. അണുബാധ ഉണ്ടാവാതിരുന്നാല്‍ ഭാവിയില്‍ കുട്ടിക്ക് നടക്കാന്‍ കഴിയും. തുടക്കത്തില്‍ സിലിക്കോണ്‍ പ്രോസസ് വെച്ചിട്ടേ നടക്കുവാനാകുകയുള്ളൂ എന്ന് ഡോ. ഭാസ്കരന് ‘ജന്മഭൂമി’യോട് പറഞ്ഞു. കുട്ടിക്ക് മറ്റ് ഗുരുതരമായ ശാരീരികപ്രശ്നങ്ങള്‍ ഇപ്പോഴില്ല. ഒരാഴ്ചയോടെ ഡിസ്ചാര്‍ജ് ചെയ്യുവാനാകുമെന്നാണ് പ്രതീക്ഷ. അതിതീവ്രപരിചരണ വിഭാഗത്തില്‍നിന്നും ഇന്ന് റൂമിലേക്ക് മാറ്റും. അച്ഛന് ദീപക് മകള്‍ക്കൊപ്പം ആശുപത്രിയിലുണ്ട്.
ദുരന്തവിവരമറിഞ്ഞ് അബുദാബിയില്‍നിന്നും വെള്ളിയാഴ്ച രാവിലെതന്നെ ദീപക്ചന്ദ്രന്‍ എത്തി ആശുപത്രിയില്‍ മകളെ കണ്ട ശേഷമാണ് ഭാര്യ ദിവ്യയുടെ സംസ്കാരചടങ്ങുകള്‍ക്കായി പുതുപ്പള്ളിയിലെ വസതിയിലെത്തിയത്. വെള്ളിയാഴ്ച അഞ്ചരയോടെ ദിവ്യയുടെ സംസ്കാരം നടത്തി. അമ്മയുടെ വേര്‍പാട് അറിയാതെ ദേവിക ആശുപത്രിയില്‍ വേദനയോടെ കരയുമ്പോള്‍ ദിവ്യയുടെ സഹോദരി ദീപ്തിയുടെ നാലുവയസുകാരന് മാധവാണ് ചിതക്ക് തീകൊളുത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 4 നാണ് ദേശീയപാതയില്‍ കായംകുളം ചിറക്കടവ് ജംഗ്ഷനില്‍ ദിവ്യയുടെ സ്കൂട്ടറില്‍ ലോറിയിടിച്ച് അപകടമുണ്ടായത്. ദിവ്യ (25) തല്‍ക്ഷണം മരിച്ചു. ദിവ്യയുടെ അമ്മ ശ്യാമള പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
കാല്പാദം അറ്റുപോയ പിഞ്ചുകുഞ്ഞ് ദേവികക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു നാട്ടുകാരും ബന്ധുക്കളും.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: