ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ വിശ്വാസപ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. അഴിമതി എല്ലാ റെക്കോഡുകളും ഭേദിച്ചുവെന്നും വമ്പന്‍ കുംഭകോണങ്ങളുടെ കാര്യത്തില്‍ കേന്ദ്രം വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതായും പാര്‍ട്ടി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങളോടും പ്രതിസന്ധികളോടും നിഷേധാത്മക നിലപാട് പുലര്‍ത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഓഫീസില്‍ തുടരുന്നത് എന്തിനെന്നും ബിജെപി ചോദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ സ്പെക്ട്രം തട്ടിപ്പില്‍ മുന്‍മന്ത്രി രാജ തിഹാര്‍ ജയിലില്‍ കിടക്കുമ്പോള്‍ കേന്ദ്രമന്ത്രി പി.ചിദംബരം സ്വതന്ത്രനായി നടക്കുകയാണ്. കേസില്‍ ചിദംബരത്തിനെതിരെ ഒട്ടേറെ നിര്‍ണായക തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ അനുവദിക്കുന്നില്ല. സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിക്കെതിരെ തെളിവുണ്ടെങ്കില്‍ അദ്ദേഹത്തെ അന്വേഷണവിധേയനാക്കണം.
അടുത്ത വര്‍ഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് പരാമര്‍ശിക്കവെ ബിഎസ്പി, എസ്പി തുടങ്ങിയ പാര്‍ട്ടികളുമായി യാതൊരു സാഹചര്യത്തിലും ബിജെപി സഖ്യമുണ്ടാക്കില്ലെന്ന് ഗഡ്കരി യോഗത്തെ അറിയിച്ചു. യുപിയെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അധികാരം കിട്ടിയാല്‍ സല്‍ഭരണം കാഴ്ചവെക്കും. ഇല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും, അദ്ദേഹം പറഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ സംബന്ധിച്ച ആസൂത്രണ കമ്മീഷന്റെ സത്യവാങ്മൂലത്തെ ബിജെപി വിമര്‍ശിച്ചു. ഒഴിവാക്കിയരെ ഉള്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയവരെ ഒഴിവാക്കുകയാണ്. പാവപ്പെട്ടവരുടെ പേരില്‍ തമാശ കാണിക്കുന്ന സര്‍ക്കാര്‍ സ്ഥിതിവിവരകണക്കുകള്‍ കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. അഴിമതിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി നടത്തുന്ന രഥയാത്രക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംശുദ്ധിയുടെയും വിശ്വാസ്യതയുടെയും സുതാര്യതയുടെയും പ്രതീകമാണ് അദ്വാനിയെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. തെലുങ്കാന പ്രശ്നത്തില്‍ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു. ആന്ധ്രയെ വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ ബിജെപി പിന്തുണക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വോട്ടിന് കോഴക്കേസില്‍ രണ്ട് മുന്‍ ബിജെപി എംപിമാരെയും അദ്വാനിയുടെ മുന്‍ സെക്രട്ടറിയെയും അറസ്റ്റ് ചെയ്ത നടപടിയെ അദ്ദേഹം ചോദ്യംചെയ്തു. കുംഭകോണത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ഗഡ്കരി വ്യക്തമാക്കി.
മണിപ്പൂരിനോട് കേന്ദ്രം പുലര്‍ത്തുന്ന നിസ്സംഗതയെ അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഈ നിലപാട് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നതായി ദേശീയപാതയിലെ ഉപരോധം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാവാത്തതിനെ പരാമര്‍ശിച്ച് ഗഡ്കരി പറഞ്ഞു. ഈമാസം 11 ന് ബീഹാറില്‍നിന്ന് അദ്വാനി ആരംഭിക്കുന്ന ജനചേതനയാത്രയുടെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. 18 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. ഔദ്യോഗിക തിരക്കുകള്‍ മൂലം ഗുജറാത്ത്മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും നിര്‍വാഹകസമിതി യോഗത്തിനെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: