ഓണത്തിന് മുമ്പാണ് കളരിച്ചേട്ടനെ അവസാനമായി കാണുന്നത്. ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ തിരുവനന്തപുരത്ത് വന്ന അദ്ദേഹം എന്റെ വീട്ടിലാണ് താമസിച്ചത്. രാത്രി വൈകിയും ഞങ്ങള്‍ സംസാരിച്ചിരുന്നു. ജന്മഭൂമിയിലെ ജീവിതാനുഭവങ്ങളെക്കുറിച്ചും.
“എല്ലാംകൊണ്ടും ഞാനിന്ന് സന്തുഷ്ടനാണ്. മക്കള്‍ രണ്ടുപേരും നല്ല നിലയിലായി. ഇതിനെല്ലാം കാരണം ജന്മഭൂമിയാണ്. മരണം വരെ ജന്മഭൂമിയില് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രസം.”
മോഹന്‍ദാസ് കളരിക്കല്‍ എന്ന ഞങ്ങളുടെ കളരിച്ചേട്ടന്‍ മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അവിശ്വാസമാണ് തോന്നിയത്. ഒരുമാസം മുമ്പ് പറഞ്ഞത്് അറംപറ്റിയപോലെ.
ഏതാനും ആഴ്ചമുമ്പ് അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുംവരെ ജന്മഭൂമിയിലെ ജോലിക്കാരനായിരുന്നു കളരിച്ചേട്ടന്‍. പിരിഞ്ഞിട്ട് ഏഴ്വര്‍ഷം കഴിഞ്ഞിട്ടും കരാര്‍അടിസ്ഥാനത്തില്‍ കോട്ടയത്ത് ജോലിചെയ്തുവരികയായിരുന്നു.
കാവാലം ശശികുമാര്‍, അനില്‍ ജി. നമ്പൂതിരി, എം.എസ്. സജീവന്, രമേശ് ചമ്പക്കര, എസ്. അജോയ്, സജിത് പരമേശ്വരന്, എസ്. രാജേഷ്, ആര്. ലെനിന്, വി. റെജികുമാര്‍, ആര്. പ്രദീപ്… വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ ഈ പത്രപ്രവര്‍ത്തകരുടെ തുടക്കം 90 കളുടെ ആദ്യം ജന്മഭൂമിയിലായിരുന്നു. ജോലിക്കുശേഷം കൊച്ചിയില്‍ ഓഫീസിനടുത്തുതന്നെയുള്ള ക്വാര്‍ട്ടേഴ്സില്‍ രാഷ്ട്രീയ സിനിമാ ചര്‍ച്ചകളുമായി കഴിയുന്ന ‘യുവകൂട്ടം’ ഇവര്‍ക്കിടയിലേക്ക് കളരിക്കല്‍ മോഹന്‍ദാസ് എന്ന 45 കാരന് സഹപ്രവര്‍ത്തകനായി കടന്നുവന്നു. എല്ലാവരേക്കാളും യുവത്വമുള്ള മനസുമായി പിന്നെ ക്വാര്‍ട്ടേഴ്സിന് ജീവന്‍നല്‍കിയത് കളരിച്ചേട്ടന്‍ ആയിരുന്നു. സിനിമാകഥകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിന് ചുറ്റുമായി പാതിരാവരെ ഇരുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഷൂട്ടിംഗ് സംബന്ധമായ നടന്മാരുടെയും നടിമാരുടെയും സംവിധായകരുടെയും വ്യക്തിജീവിതത്തിന്റെയും രഹസ്യവിവരങ്ങളെല്ലാം ഒന്നൊഴിയാതെ കളരിച്ചേട്ടന്‍ ഞങ്ങളിലേക്ക് പകര്‍ന്നു.
ഈ കഥകള്‍ പിന്നീട് ‘ഓര്‍മയിലെ ഓളങ്ങള്‍’ എന്ന പേരില്‍ ജന്മഭൂമി വാരാന്ത്യപതിപ്പില്‍ വര്‍ഷങ്ങളോളം പംക്തിയായി വന്നു. പഴയകാല സിനിമയുടെ ഒരു ചരിത്രംതന്നെയായിരുന്നു ആ ഓര്‍മകള്‍.
സ്വന്തമായി സിനിമാമാസിക തുടങ്ങി പൂട്ടിയതിനെത്തുടര്‍ന്ന് മാനസികമായും സാമ്പത്തികമായും തകര്‍ന്ന കളരിച്ചേട്ടനെ ജന്മഭൂമിയിലേക്ക് കൊണ്ടുവന്നത് കുമ്മനം രാജശേഖരനാണ്. കോട്ടയത്ത് വിശ്വഹിന്ദുപരിഷത്തുമായി ഉണ്ടായിരുന്ന ബന്ധമാണതിന് കാരണം.
കൊച്ചിയില്‍ സാമ്പത്തിക പേജിന്റെ ചുമതലക്കാരനായി എത്തിയ കളരിച്ചേട്ടന്‍ ഏതാനും മാസങ്ങളില്‍തന്നെ ഈടുറ്റ ഒരു പ്രത്യേക ‘സാമ്പത്തിക വ്യവസായ പതിപ്പ്’ പുറത്തിറക്കി. മലയാളപത്രങ്ങളില്‍ തന്നെ അത്ര സമഗ്രമായ ഒരു ഗ്രന്ഥം ആദ്യം പ്രസിദ്ധീകരിച്ചത് ജന്മഭൂമിയായിരുന്നു.
ന്യൂജനറേഷന് ബാങ്കുകള്‍ കടന്നുവന്നപ്പോള്‍ അതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തയെഴുതാന്‍ മത്സരിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഇത്തരം ബാങ്കുകളുടെ ചതിക്കുഴികളെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി വന്ന സമഗ്ര ലേഖനം കളരിച്ചേട്ടന്റേതായിരുന്നു. ജന്മഭൂമിയില് വന്ന ഈ ലേഖനം പിന്നീട് മറ്റ് ധനകാര്യമാസികകള്‍ പുനഃപ്രസിദ്ധീകരിക്കുകയുമുണ്ടായി.
ജന്മഭൂമിയില് സഹപ്രവര്‍ത്തകനായി വരുന്നതിന്മുമ്പ് കളരിച്ചേട്ടനെ എനിക്ക് അറിയാമായിരുന്നു. കോട്ടയത്ത് സംഘപരിവാര്‍ കാര്യാലയങ്ങളില്‍ ‘ഹോംലി ഫുഡ്’ കൊണ്ടുവരുന്ന ആള് എന്ന നിലയില്‍. പ്രതേക രീതിയില്‍ തയ്യാറാക്കിയ കളരിച്ചേട്ടന്റെ അച്ചാറിന് വന്‍ ഡിമാന്റായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ ജീവിതമാര്‍ഗംകൂടിയായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന്റെ കളരിക്കല്‍ വീട്ടില്‍ ബാലഗോകുലം എടുക്കാന്‍ പലതവണ പോയി. മക്കളായ അജിയും അമ്പിളിയും ഒക്കെ ബാലഗോകുലത്തില്‍ സജീവമായിരുന്നു.
ജന്മഭൂമി തിരുവനന്തപുരത്തുനിന്ന് അന്തിപത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ഞാനും കളരിച്ചേട്ടനും കാവാലം ശശികുമാറും അനില്‍ ജി. നമ്പൂതിരിയും കൊച്ചിയില്‍നിന്ന് സ്ഥലംമാറി തിരുവനന്തപുരത്തേക്ക് വന്നു. ഓഫീസിന് മുകളിലത്തെ നിലയിലായിരുന്നു ഞങ്ങളുടെ താമസം. തിരുവനന്തപുരത്ത് യഥാര്‍ത്ഥത്തില്‍ സഹപ്രവര്‍ത്തകരിലുപരി വീട്ടമ്മയായിരുന്നു കളരിച്ചേട്ടന്‍. എല്ലാവര്ക്കും വേണ്ട മൂന്നുനേരത്തെയും ഭക്ഷണം പാകംചെയ്യല്‍ മാത്രമല്ല സാധനസാമഗ്രികള്‍ വാങ്ങലുള്‍പ്പെടെയുള്ള എല്ലാം നോക്കിനടത്തിയത് അദ്ദേഹമായിരുന്നു. ഇപ്പോള്‍ മലയാള മനോരമയിലെ ദല്‍ഹി ബ്യൂറോയിലെ ജോമി തോമസും ഇന്ത്യന്‍കമ്മ്യൂണിക്കേറ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന ആര്.ആര്. ജയറാമും ഒക്കെ കളരിച്ചേട്ടന്റെ ഭക്ഷണം കഴിക്കാനായി ജന്മഭൂമിയിലെത്തുന്ന നിത്യസന്ദര്‍ശകരായിരുന്നു. കടലക്കറി സ്പെഷ്യല്‍ മറ്റുള്ളവരെക്കൊണ്ട് കഴിപ്പിച്ച് ആനന്ദിക്കുന്ന കളരിച്ചേട്ടന്റെ മുഖം മനസില്‍നിന്ന് മാറുന്നില്ല.
സര്‍ഗാത്മക മേഖലയിലും കയ്യൊപ്പ് ചാര്‍ത്താന്‍ കളരിച്ചേട്ടന്‍ ശ്രമിച്ചിരുന്നു.ചെറുകഥയുടെയും നാടകഗാനങ്ങടെയും ഒക്കെ അവ പുറത്തുവന്നു. ബൈബിളിനെ അടിസ്ഥാനമാക്കി കളരിച്ചേട്ടന്‍ രചിച്ച ആട്ടക്കഥ നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടു.
തന്റെ ഒരു പാട്ട് സിനിമയില്‍ വരണം എന്നായിരുന്നു അദ്ദേഹത്തിന്റെ വലിയൊരാഗ്രഹം. കാണുമ്പോഴൊക്കെ അക്കാര്യം പറയുമായിരുന്നു: അവസാനം കണ്ടപ്പോഴും ഇക്കാര്യം സൂചിപ്പിച്ചു. പരിചയമുള്ള ഒന്നുരണ്ട് സംവിധായകരെ മനസില്‍കണ്ട്, ശ്രമിക്കാം എന്ന് പറയുകയും ചെയ്തു. ആ ചിരകാല സ്വപ്നം ഇനി യാഥാര്‍ത്ഥ്യമായില്ല. വലിയ വലിയ ആഗ്രഹങ്ങളൊന്നും ഇല്ലാതെ ആരെയും ദ്രോഹിക്കാതെ എല്ലാവരേയും സന്തോഷിപ്പിച്ചും ജീവിച്ച കളരിച്ചേട്ടനെക്കുറിച്ചുള്ള ഓര്‍മകള്‍ പരിചയപ്പെട്ടവരുടെ മനസിലും ഓളം നിറക്കും.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: