തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്ക്ക് ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കി കൊടുത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടി പിള്ളയുടെയും മകന്റെയും താല്പര്യത്തിന് വഴങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പിരിഞ്ഞ ശേഷം സഭാകവാടത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മന്ത്രി ഗണേഷ്കുമാര് അംഗമായിട്ടുള്ള സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ നടത്തുന്ന അന്വേഷണം കൊണ്ട് പ്രയോജനമില്ല. അതിനാല്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം.
പോലീസ് അന്വേഷണം പക്ഷപാതപരമാണ്. പൈശാചികമായ ഈ സംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര് പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സുപ്രീംകോടതി ശിക്ഷ വിധിച്ച ആളാണ് ആര്. ബാലകൃഷ്ണ പിള്ള. അങ്ങനെയുള്ള പിള്ള മുഖ്യമന്ത്രിയുടെ സഹായത്താലാണ് ആശുപത്രിയില്‍ നിന്ന് ഫോണ്‍ ഉപയോഗിക്കുന്നത്. ജയിലില്‍ നിന്നും ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിയെ വിളിച്ചിട്ടുള്ളതായി സൂചനയുണ്ടെന്നും വി.എസ് ആരോപിച്ചു.
കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരനും പറഞ്ഞു. സ്കൂള്‍ മാനേജ്മെന്റിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് അധ്യാപകന്റെ ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും പോലീസ് കേസന്വേഷണത്തില്‍ അലംഭാവം കാട്ടുകയാണ്. പിള്ള ഫോണ്‍ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നും ദിവാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: