Categories: Kerala

റോഡ്‌ വികസനം : സ്ഥലമെടുപ്പ്‌ നടപടികള്‍ പുനരാരംഭിക്കും

Published by

തിരുവനന്തപുരം : ഒരു വര്‍ഷമായി നിര്‍ത്തി വച്ചിരുന്ന റോഡ്‌ വികസനത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പ്‌ നടപടികള്‍ പുനരാരംഭിക്കണമെന്ന്‌ മരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ നിയമസഭയെ അറിയിച്ചു. ദേശീയ പാതയുടെ അറ്റകുറ്റ പണികള്‍ക്ക്‌ തുക നല്‍കാനാവില്ലെന്ന്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ അറിയിച്ചിട്ടുണ്ട്‌. ദേശീയ പാത വികസനത്തിനുള്ള സ്ഥലമെടുപ്പ്‌ ഒരു വര്‍ഷമായി നടക്കുന്നില്ല. ഇത്‌ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മന്ത്രി പറഞ്ഞു.

ദേശീയ പാത വികസനത്തിനുവേണ്ട സ്ഥലമെടുപ്പ്‌ സംബന്ധിച്ച്‌ കൂട്ടായി ചിന്തിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂദാതാവിന്റെ താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കപ്പെടും. ന്യായവില കിട്ടിയശേഷം മാത്രം ഭൂമി വിട്ടുകൊടുത്താല്‍ മതി. ഉടമയ്‌ക്ക്‌ എന്തെല്ലാം പ്രയോജനങ്ങള്‍ നല്‍കാനാവുമോ അത്‌ നല്‍കും. ദേശീയ പാത വികസനത്തിന്‌ സാമ്പത്തികം തടസമല്ല. സംസ്ഥാനത്തെ മറ്റ്‌ റോഡുകളുടെ വിസനത്തിന്‌ സാമ്പത്തിക പരിമിതിയുണ്ട്‌. മണ്‍സൂണ്‍ ഏറ്റവും നഷ്ടം വരുത്തിയത്‌ റോഡുകള്‍ക്കാണ്‌. ആയിരം കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്‌. 8000 കിലോ മീറ്റര്‍ വരുന്ന വില്ലേജ്‌ റോഡുകള്‍ പിഡബ്ല്യൂഡി ഏറ്റെടുത്തതില്‍ ഏതെങ്കിലും എംഎല്‍എമാര്‍ക്ക്‌ പരാതിയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കാന്‍ തയ്യാറാണ്‌ മുഖ്യമന്ത്രി പറഞ്ഞു.

റോഡ്‌ പണികളെക്കുറിച്ചും അറ്റകുറ്റപ്പണികളെക്കുറിച്ചുമുള്ള പരാതികള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന്‌ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു. വീഴ്ചവരുത്തുന്ന കരാറുകാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. വീഴ്ച വരുത്തുന്ന കരാറുകാരെ ബ്ലാക്ക്‌ ലിസ്റ്റില്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്‌. ശേഷിയില്ലാത്ത കരാറുകാര്‍ അഞ്ചും ആറും പണികള്‍ ഒരേ സമയം ക്വാട്ട്‌ ചെയ്ത്‌ സമയത്ത്‌ പണി പൂര്‍ത്തിയാക്കാത്ത സ്ഥിതിവിശേഷം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്‌. ഇതേക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കും. റോഡുകളുടെ നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതിവിദ്യ പ്രജോയനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ നവംബര്‍ 15,16,17 തീയതികളില്‍ ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരേയും പങ്കെടുപ്പിച്ചുള്ള ശില്‍പശാല നടത്തും. പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക്‌ വര്‍ഷത്തില്‍ ഏകദേശം 1442 കോടി രൂപയും പുതുതായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകള്‍ക്ക്‌ 650 കോടിരൂപയും ആവശ്യമുണ്ട്‌. ബജറ്റില്‍ വകയിരുത്തിയ 470 കോടിക്കുപറുമെ ശബരിമല റോഡുകള്‍ക്ക്‌ 63.60 കോടിയും മരാമത്ത്‌ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക്‌ 314.50 കോടിയും ഉള്‍പ്പെടെ 848.10 കോടി രൂപയും കോര്‍പ്പറേഷനു കീഴിലുള്ള മരാമത്ത്‌ വകുപ്പിന്റെ റോഡുകള്‍ക്ക്‌ ഒറ്റത്തവണ മെയിന്റനന്‍സിനായി 157.96കോടി രൂപയും ദേശീയ പാത അറ്റകുറ്റപ്പണികള്‍ക്ക്‌ 20.69 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന്‌ മന്ത്രി അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by