ന്യൂദല്‍ഹി: സപ്തംബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം 9.13 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അതിന് തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 8.84 ശതമാനമായിരുന്ന ഭക്ഷ്യ വിലപ്പെരുപ്പമാണ് 9.13 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. ഉരുളക്കിഴങ്ങ്, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചത് ഭക്ഷ്യവില സൂചിക ഉയരാന്‍ കാരണമായി. അതേസമയം, ഉള്ളിവിലയില്‍ അല്‍പ്പം കുറവും രേഖപ്പെടുത്തിയിരുന്നു.
ഭക്ഷ്യവില സൂചികയില്‍ നിലനില്‍ക്കുന്ന വ്യതിയാനങ്ങള്‍ ആശങ്കാജനകമാണെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. 12.17 ശതമാനമായിരുന്ന അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം 11.43 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യേതര വസ്തുക്കളുടെ വിലപ്പെരുപ്പം 12.89 ശതമാനമായും കുറഞ്ഞിട്ടുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ധന വിലപ്പെരുപ്പം 13.96 ശതമാനത്തില്‍നിന്ന് 14.69 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസം മുതല്‍ 12 തവണ പലിശ നിരക്കുയര്‍ത്തിയിട്ടും പണപ്പെരുപ്പം കുറയാത്തത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സര്‍ക്കാരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും ഉയരാനിടയായത് സര്‍ക്കാരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: