ന്യൂദല്‍ഹി: 2 ജി അഴിമതിയില്‍ ആഭ്യന്തരമന്ത്രി ചി. ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ച ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും വെട്ടിലാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ചിദംബരത്തിന്റെ പങ്കിനെക്കുറിച്ചുള്ള കത്ത് തയ്യാറാക്കിയതെന്ന് ഇന്നലെ പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖര്‍ജി വ്യക്തമാക്കിയതായാണ് അറിയുന്നത്. മാര്‍ച്ച് 14ലെ കത്ത് വിവാദമായ പശ്ചാത്തലത്തില്‍ അത് തയ്യാറാക്കാനുള്ള സാഹചര്യം വിശദമാക്കിക്കൊണ്ടാണ് മുഖര്‍ജി വീണ്ടും കത്തെഴുതിയത്. ആദ്യത്തെ കത്തിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് പ്രണബ് പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും മുഖര്‍ജി പുതിയ കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.
ധനമന്ത്രിയായിരുന്ന ചിദംബരം സ്വന്തം അധികാരം ഉപയോഗിച്ചിരുന്നെങ്കില്‍ 2008ലെ 2 ജി അഴിമതി നടക്കില്ലായിരുന്നുവെന്നാണ് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ ഇങ്ങനെയൊരു കത്തിനെക്കുറിച്ച് തനിക്ക് യാതൊരുവിവരവുമില്ലെന്നാണ് യുഎസ് പര്യടനത്തിനിടെ മന്മോഹന് വാര്‍ത്താലേഖകരോട് പറഞ്ഞത്. പുതിയ കത്തിലൂടെ പ്രധാനമന്ത്രി അസത്യം പറയുകയായിരുന്നുവെന്നാണ് മുഖര്‍ജി ചൂണ്ടിക്കാട്ടുന്നത്. നാല്പേജ്വരുന്ന കത്താണ് പ്രണബ് പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുള്ളത്.
ധനമന്ത്രാലയം, ടെലികോം മന്ത്രാലയം, നിയമമന്ത്രാലയം, പ്രധാനമന്ത്രിയുടെ കാര്യാലയം എന്നിവയിലെ ഉദ്യോഗസഥര്‍ മാര്‍ച്ച് 14നും 15നും യോഗം ചേര്‍ന്നാണ് മാര്‍ച്ച് മാസത്തിലെ കുറിപ്പ് തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് പുതിയ കത്തില്‍ പ്രണബ് വ്യക്തമാക്കിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിക്കും ഇതേക്കുറിച്ചറിയാമായിരുന്നു.
രഹസ്യസ്വഭാവമുള്ള ഈ കത്ത് വിവരാവകാശനിയമപ്രകാരം പുറത്തുവിട്ടതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രണബ് കുറ്റപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം ലഭിച്ച കത്ത് സുബ്രഹ്മണ്യന് സ്വാമി സുപ്രീംകോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് ചിദംബരം വിവാദത്തിലകപ്പെടുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും ചിദംബരത്തിന്റെ രക്ഷക്കെത്തുകയായിരുന്നു. സര്‍ക്കാരിലും പാര്‍ട്ടിയിലും പ്രണബ് ഒറ്റപ്പെടുന്ന പ്രതീതിയാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെയും ചിദംബരത്തെയും വെട്ടിലാക്കി പ്രണബ് രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: