തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരില്‍ ഒരു ഭാഗം മദ്യപാനം മൂലം കരള്‍ രോഗം ബാധിച്ചവരാണെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ആരോഗ്യമന്ത്രി പറഞ്ഞത് കേന്ദ്ര സംഘത്തിന്റെ നിരീക്ഷണമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രശ്നത്തില്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചതോടെയാണ് പ്രതിപക്ഷം ശാന്തരായത്. ചോദ്യോത്തരവേള കഴിഞ്ഞപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിയുടെ പ്രസ്താവന സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആരോഗ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.
ബഹളം രൂക്ഷമായതോടെ മന്ത്രി അടൂര്‍ പ്രകാശ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ ഖേദപ്രകടനത്തില്‍ തൃപ്തരാകാത്ത പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി അടൂര്‍ പ്രകാശിന് വേണ്ടി ഖേദം പ്രകടിപ്പിച്ചത്.
പനിയെ കുറിച്ച് പഠിക്കാന്‍ വന്ന കേന്ദ്രസംഘവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിപക്ഷം തൃപ്തരല്ലെങ്കില്‍ അദ്ദേഹത്തിന് വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: