മരട്: ഉപഭോക്താവിന് പാചകവാതക സിലിണ്ടര്‍ നല്കുന്നതില് വീഴ്ചവരുത്തിയ ഗ്യാസ് ഏജന്‍സിക്കെതിരെ ക്രിമിനല്‍ കേസ്. രണ്ട് തവണ സിലിണ്ടര്‍ ബുക്കുചെയ്തിട്ടും മൂന്നുമാസത്തോളം ഗ്യാസ് സിലിണ്ടര്‍ എത്തിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്ന് കുമ്പളം ചിറയില്‍ പറമ്പ് ഭാസിയുടെ ഭാര്യവാസന്തിയാണ് എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ നല്കിയ പരാതിയിലാണ് അവശ്യസാധന നിയമപ്രകാരം ഗ്യാസ് ഏജന്‍സി ഉടമക്കെതിരെ കേസെടുക്കാന്‍ മജിസ്ട്രേറ്റ് പോലീസിനോടു നിര്‍ദ്ദേശിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് വൈറ്റിലയിലെ ഗോകുല്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ഉടമ കെ.രാജശേഖരനെതിരെ ക്രിമിനല്‍ നടപടി നിയമപ്രകാരം പനങ്ങാട് പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തു. കുമ്പളം പ്രദേശത്ത് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് അമിതതുക ഈടാക്കിയ ഏജന്‍സിക്കെതിരെ വാസന്തിയുടെ ഭര്‍ത്താവും, ഗ്യാസ് കണ്‍സ്യൂമേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ സി.പി.ഭാസി മുമ്പ് എറണാകുളം ജില്ലാകളക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു. ഇതിന് മേല്‍ ഏജന്‍സി ഉടമക്കെതിരെ കളക്ടര്‍ 1000 രൂപ പിഴ ശിക്ഷിച്ചിരുന്നു. ഇതു കൂടാതെ ബില്ലില്‍ രേഖപ്പെടുത്താതെ സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കിവന്നതിനെതിരെ ഉപഭോക്തൃകോടതിയിലും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതുമൂലമുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഗോകുല്‍ ഗ്യാസ് ഏജന്‍സി തങ്ങള്‍ക്ക് സിലിണ്ടര്‍ നല്‍കാതിരിക്കുന്നതെന്നു കാണിച്ചാണ് കോടതിയില്‍ അവശ്യ സാധനനിയമത്തിലെ ക്രിമിനല്‍ നടപടിക്രമം 190 (എ), 200, വകുപ്പുകള്‍ പ്രകാരം ഏജന്‍സിക്കെതിരെ ഈ മാസം 20ന് പരാതി നല്‍കിയത്. അതിനുമുമ്പ് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് എറണാകുളം സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും മറ്റും പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.
മജിസ്ട്രേട്ടിന്റെ ഉത്തരവിനെതുടര്‍ന്ന് പനങ്ങാട് പോലീസ് ഗ്യാസ് ഏജന്‍സിക്കെതിരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: