മൂവാറ്റുപുഴ: പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യ സംസ്കരണത്തിനായുള്ള പുതിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാലാണ് ജനവാസകേന്ദ്രങ്ങളില്‍ വീടുകളില്‍ നിന്നുള്ള വേസ്റ്റുകള്‍ സ്വീകരിക്കുവാനായി പൊതുനിരത്തില്‍ സ്ഥാപിച്ചിട്ടുള്ള വേസ്റ്റുബിന്നുകള് മാറ്റുവാനും കുടുംബശ്രീവഴി വീടുകളില്‍ നിന്നും മാലിന്യം സ്വീകരിക്കുന്നത് നടപ്പിലാക്കുവാനും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴയിലെ 28വാര്‍ഡുകളിലും സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ നടന്ന കൗണ്‍സിലില്‍ എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഇതിനെതിരെ ബഹളമുണ്ടാക്കിയത്. കാവുങ്കര ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബിന്‍ നീക്കം ചെയ്തതാണ് ഇദ്ദേഹത്തിനെ പ്രകോപിതനാക്കിയത്. മൂവാറ്റുപുഴയിലെ ഏറ്റവും ജനസാന്ദ്രത നിറഞ്ഞ ഈ പ്രദേശത്ത് നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതും. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ പദ്ധതിക്കെതിരെ കൗണ്‍സിലില്‍ രംഗത്ത് വന്നത് കോണ്‍ഗ്രസ് കൗണ്സിലറാണെന്നതാണ് വിരോധാഭാസം. ബഹളം വാക്ക് തര്‍ക്കത്തിലും കൈയ്യേറ്റശ്രമത്തിലും എത്തിയതോടെ മറ്റ് അംഗങ്ങള്‍ ഇദ്ദേഹത്തിനെ ശാന്തനാക്കുകയായിരുന്നു.
സമീപപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും മൂവാറ്റുപുഴ നഗരസഭയില്‍ അത് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത് മാലിന്യസംസ്കരണത്തില്‍ സ്വീകരിച്ച കര്‍ശന നിയന്ത്രണം മൂലമാണെന്ന് നഗരസഭ അവകാശപ്പെടുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും, വീടുകളില്‍ നിന്നും മാലിന്യം നിരത്തില്‍ തള്ളുന്നവരെ കണ്ടെത്തുവാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ക്വാഡ് തിരിഞ്ഞ് പരിശോധന നടത്തുകയാണെന്നും ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്മാന് പി. എന്‍. സന്തോഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: