ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിയിടപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ മുന്‍ ടെലികോം മന്ത്രി എ. രാജ വീണ്ടും രംഗത്ത്. വന്‍ അഴിമതിക്ക് വഴിതെളിച്ച സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനിറ്റ്സ് സഹിതം ചിദംബരത്തെ കോടതിയില്‍ വിളിച്ചുവരുത്തണമെന്ന് രാജ ആവശ്യപ്പെട്ടു.
സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ചില ടെലികോം കമ്പനികളുടെ ഓഹരികള്‍ വില്ക്കാന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം അംഗീകാരം നല്കിയ മന്ത്രിസഭാ യോഗത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയണമെന്ന് രാജക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സുശീല്‍കുമാര്‍ പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ചിദംബരത്തിന്റെയും സാന്നിധ്യത്തിലായിരുന്നോ ഈ യോഗമെന്നും ഓഹരിവില്‍പ്പന സംബന്ധിച്ച ഉപദേശം ചിദംബരം നല്‍കിയിട്ടുണ്ടോയെന്നും മിനിറ്റ്സ് സഹിതം ചോദിക്കണമെന്നാണ് രാജയുടെ ആവശ്യം. ചിദംബരത്തെ സാക്ഷിയാക്കി വിസ്തരിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 311 പ്രകാരമുള്ള അധികാരം കോടതി വിനിയോഗിക്കണമെന്നും രാജയുടെ അഭിഭാഷകന് അഭ്യര്‍ത്ഥിച്ചു. ഷാഹിദ് ബല്‍വയുടെ സ്വാന് ടെലികോമും സഞ്ജയ്ചന്ദ്രയുടെ യൂണിടെക് വയര്‍ലസും (തമിഴ്നാട്) പ്രൈ. ലിമിറ്റഡും അവരുടെ ഓഹരികള്‍ യഥാക്രമം ദുബായ് ആസ്ഥാനമായ എത്തിസാലത്തിനും നോര്‍വെയിലെ ടെലിനോറിനും വിറ്റതായി സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിനിടെ, സ്പെക്ട്രം കേസില്‍ രാജക്കും മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്.കെ. ചന്ദോളിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബഹുറ എന്നിവര്‍ക്കുമെതിരെ വിശ്വാസവഞ്ചനാക്കുറ്റം കൂടി ചുമത്താന്‍ സിബിഐ പ്രത്യേക കോടതി മുമ്പാകെ അപേക്ഷ നല്കി. മൂവര്‍ക്കും പുറമെ ഡിഎംകെ എംപി കനിമൊഴി, മൂന്ന് ടെലികോം സ്ഥാപനങ്ങള്‍ എന്നിവക്കുമെതിരെയും സമാനകുറ്റം ചുമത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള നയങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ചില ടെലികോം സ്ഥാപനങ്ങള്‍ക്ക് വിലയേറിയ 2 ജി സ്പെക്ട്രം നിയമവിരുദ്ധമായി അനുവദിച്ച രാജയും ബഹുറയും ചന്ദോളിയേയും ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 409 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിനിടെ ചിദംബരത്തെ പുറത്താക്കി അദ്ദേഹത്തിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ചിദംബരത്തെ സാക്ഷിയാക്കി വിസ്തരിക്കണമെന്ന രാജയുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് പാര്‍ട്ടി വക്താവ് ജഗത് പ്രകാശ് നദ്ദ പറഞ്ഞു. സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് രാജ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി കോടതിയില്‍ വെളിപ്പെടുത്താന്‍ ചിദംബരം തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: