കൊച്ചി: കേരള ജനതയെ കാളവണ്ടി യുഗത്തിലേക്ക് തിരികെകൊണ്ടുപോകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്യുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി. രാജേഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ താറുമാറായ റോഡുകള്‍ നന്നാക്കണമെന്നും, റോഡ് പണിയിലെ അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടിയില്‍ നടത്തിയ വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ട്രാക്ടര്‍മാര്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിലക്ക് എടുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വാഹന ഉടമകളില്‍ നിന്നും 15 വര്‍ഷത്തേക്കുള്ള നികുതി ഒന്നിച്ച് വാങ്ങിയിട്ട് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാകുന്നത് ജനങ്ങളോട് ചെയ്യുന്ന കടുത്ത വഞ്ചനയാണ്. മുന്‍കൂര്‍ വാങ്ങിയ പണം തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഴിതടയല്‍ സമരത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എന്‍. മധു, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതി അംഗങ്ങളായ എം. ആശിഷ്, ബാബു കരിയാട്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.എസ്. പുരുഷോത്തമന് തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും പ്രകടനമായി എത്തിയാണ് കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിച്ചത്. സമരത്തിന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. സ്വരാജ്, സി.ജി. രാജഗോപാല്‍, മനോജ് ഇഞ്ചിയൂര്‍, രാജീവ് മുതിരക്കാട്, ഷൈലേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: