Categories: Ernakulam

നഗരവികസനത്തിന്‌ കേന്ദ്രപദ്ധതിക്ക്‌ ശ്രമിക്കുമെന്ന്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌

Published by

കൊച്ചി: കൊച്ചി നഗരത്തിന്റെ അടിസ്ഥാന വികസനത്തിനു കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി കൊണ്ടുവരുന്ന കാര്യം ശ്രദ്ധയില്‍പെടുത്തുമെന്ന്‌ കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. കൊച്ചിയിലെ റോഡു വികസനത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. കൊച്ചി ഐ.എം.എ.ഹൗസില്‍ കൊച്ചി നഗരസഭ സംഘടിപ്പിച്ച കൊച്ചിന്‍ റോഡ്‌ എന്‍ക്ലേവ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനപ്പെട്ട നഗരങ്ങളുടെ വികസനത്തിനായുള്ള ജനറം പദ്ധതി സംസ്ഥാനങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ടു പോകുന്നില്ലെന്നതാണ്‌ റോഡു വികസനത്തില്‍ നേരിടുന്ന പ്രശ്നം. സംസ്ഥാനത്തിനു മാറ്റിവയ്‌ക്കാവുന്ന വിഹിതം പലപ്പോഴും കണ്ടെത്താന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ്‌ സ്വകാര്യമേഖല-റസിഡന്റ്സ്‌ അസോസിയേഷനുകളുടെ പ്രസക്തിയെന്ന്‌ അദ്ദേഹം പറഞ്ഞു.

നഗരത്തിലെ റോഡ്‌ വികസനത്തിനും സംരക്ഷണത്തിനും സ്വകാര്യമേഖലയുടെയും സന്നദ്ധസംഘടനകളുടെയും സഹായം ഉറപ്പാക്കണം. റോഡു വികസനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ജനകീയ കൂട്ടായ്മ ഉണ്ടാക്കേണ്ടതുണ്ട്‌. വികസനത്തിനു എതിരു നില്‍ക്കുകയെന്നത്‌ ഇന്നൊരു കലയായി വളര്‍ന്നിട്ടുണ്ട്‌. വികസനപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ്‌ അതിന്റെ ഗുണവശങ്ങള്‍ റസിഡന്റ്സ്‌ അസോസിയേഷനുകളെയും ജനങ്ങളെയും ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി നഗരസഭയിലെ റോഡു വികസനം ഒരു സംഘം കരാറുകാരുടെ കോണ്‍ക്ലേവായി മാറരുത്‌. അടിസ്ഥാനസൗകര്യ വികസനത്തിനു പ്രത്യേക ഫണ്ട്‌ രൂപീകരിക്കുന്നതിനെക്കുറിച്ച്‌ നഗരസഭ ആലോചിക്കണം. പദ്ധതികള്‍ രൂപീകരിച്ച്‌ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ശ്രദ്ധിക്കണമെന്നു പറഞ്ഞ കേന്ദ്രമന്ത്രി ഇടക്കൊച്ചി-തോപ്പുംപടി റോഡിനു എട്ടു കോടിയുടെ കേന്ദ്രസഹായം ലഭ്യമാക്കിയതുപോലെ ഇടപ്പള്ളി-പുക്കാട്ടുപടി റോഡിനും സഹായം ലഭ്യമാക്കുമെന്ന്‌ അറിയിച്ചു.

റോഡുവികസനത്തിനു ഇന്നു പിന്തുടരുന്ന മാതൃകകള്‍ കാലോചിതമായി മാറ്റണമെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ എം.ഡി. ടോം ജോസ്‌ അഭിപ്രായപ്പെട്ടു. കെഎസ്ടിപി റോഡുകള്‍ ഇതിനു മാതൃകയാണ്‌. പൊതുമരാമത്ത്‌ വകുപ്പ്‌ നേരത്തെ ആവിഷ്കരിച്ച കേരള റോഡ്‌ വികസനനയം ശരിയായി പഠിച്ച്‌ അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ റോഡുവികസന നയത്തിനു ഒരു കര്‍മപദ്ധതി രൂപീകരിക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു. വികസനം അവലോകനം ചെയ്യാന്‍ ഒരു സ്വതന്ത്രഏജന്‍സിയും വേണം. ഗതാഗതം കൂടുതലുള്ള റോഡിനു കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇതിനായി കൂടുതല്‍ ഫണ്ടും അനുവദിക്കണമെന്നു പറഞ്ഞ ടോം ജോസ്‌ ധനസമാഹരണത്തിനു ടോള്‍ ആവശ്യമാണെങ്കിലും നഗരവികസനത്തില്‍ അതു പ്രായോഗികമല്ലെന്നും മറ്റ്‌ മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും പറഞ്ഞു. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബഹനാന്‍ എംഎല്‍എ, കൗണ്‍സിലര്‍ കെ.ജെ.ജേക്കബ്‌, ഡപ്യൂട്ടിമേയര്‍ ബി.ഭദ്ര എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി അജിത്പാട്ടീല്‍ വിഷയാവതരണം നടത്തി. വികസനകാര്യ സമിതി അധ്യക്ഷന്‍ ടി.ജെ.വിനോദ്‌ സ്വാഗതവും വിദ്യാഭ്യാസസമിതി അധ്യക്ഷന്‍ ആര്‍. ത്യാഗരാജന്‍ നന്ദിയും പറഞ്ഞു.

കൊച്ചിയിലെ റോഡുകളും പ്രശ്നങ്ങളും എന്ന വിഷയത്തില്‍ നടന്ന സാങ്കേതികസെമിനാറില്‍ പൊതുമരാമത്ത്‌ മുന്‍ സൂപ്രണ്ടിങ്‌ എഞ്ചിനീയര്‍ ടി.കെ.ജോര്‍ജുകുട്ടി, എന്‍.എച്ച്‌.എ,ഐ. പ്രൊജക്ട്‌ ഡയറക്ടര്‍ സി.ടി.എബ്രാഹാം എന്നിവര്‍ സംസാരിച്ചു. റോഡു നിര്‍മാണത്തിലെയും അറ്റകുറ്റപ്പണിയിലെയും പുതുസാങ്കേതികതയില്‍ ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ സീതാറാം ആഞ്ജനേയലു വിഷയം അവതരിപ്പിച്ചു. കൊച്ചി-മാതൃകാറോഡ്‌ പദ്ധതി പഠന റിപ്പോര്‍ട്ട്‌ ദേശീയപാത മുന്‍ ഡപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ ഡോ. യാക്കൂബ്‌ മോഹന്‍ ജോര്‍ജ്‌ അവതരിപ്പിച്ചു. കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡിന്റെ കൊച്ചിയിലെ പ്രധാന റോഡുകളുടെ വികസന പദ്ധതിയെന്ന വിഷയത്തില്‍ സി.പി.ബാലമുരുകനും , റോഡ്‌ വികസനത്തിലെ വിജയ ഗാഥകളെക്കുറിച്ച്‌ ബാംഗ്ലൂര്‍ കെ.പി.എം.ജി.യിലെ ശ്രീധര്‍ പ്രസാദും ക്ലാസ്‌ നയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by