പൊതുസ്വത്തിന്റെ കാര്യം ഒന്ന് പ്രത്യേകം തന്നെയത്രേ. നമ്മുടെ നാട്ടിലായാലോ പറയാനുമില്ല. പൊതുവിലുള്ള സ്വത്തെന്നോ, പൊതുവെയുള്ള സ്വത്തെന്നോ വിഗ്രഹിച്ച് അര്‍ഥം പറയാന്‍ കഴിയുന്ന വിദ്വാന്മാര് അങ്ങനെ ചെയ്തുകൊള്ളുക. ഈ പൊതുസ്വത്തിനെക്കുറിച്ച് മാലോകര്‍ അറിയുന്നത് ചില പ്രത്യേക അവസരങ്ങളിലാണ്. ആയത് സമരമാവാം, പണിമുടക്കാവാം, ഹര്‍ത്താല്‍ (തന്നെ, തന്നെ, ബന്ദ് തന്നെ. മൂപ്പര് ആള് ബഹുത്ത് സുജായി ഹോ) ആവാം. ഇതൊക്കെ എങ്ങനെയുണ്ടാവുന്നുവെന്നോ ഏതുവഴിയിലൂടെ വരുന്നുവെന്നോ നമുക്ക് നിരൂപിക്കാനാവില്ല. അല്ലെങ്കിലും ജനങ്ങള്‍ക്ക് ആധിപത്യമുള്ള ഭരണസംവിധാനമാവുമ്പോള് മേപ്പടി ലീലാവിലാസങ്ങളും ഒപ്പം കരിങ്കൊടി പ്രയോഗവും ആവാമെന്ന് നമ്മുടെ പ്രിയങ്കരനായ കുഞ്ഞൂഞ്ഞ് സാന്ത്വനിപ്പിച്ചിട്ടുണ്ട്.
അതവിടെ നില്ക്കട്ടെ, പൊതുസ്വത്തിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ഓരോ ലീലാവിലാസവും കഴിയുമ്പോള്‍ മാധ്യമ വിശാരദന്മാര് വഴിയാണ് നമ്മള് പൊതുസ്വത്തിനെക്കുറിച്ച് അറിയുന്നത്. പൊതു ഇടങ്ങളില്‍ കാണുന്നവയൊക്കെയും പൊതുസ്വത്താണെന്ന ധാരണ ചിലര്‍ക്കുണ്ട്. അതുകൊണ്ടാണ് കടകമ്പോളങ്ങള്ക്കുനേരെ കല്ല്, കുപ്പി തുടങ്ങിയവ പ്രയോഗിക്കുന്നത്. മറ്റുചില സ്വത്തുക്കളാണ് ആനവണ്ടി (യെസ് കെഎസ്ആര്‍ടിസി തന്നിഷ്ടാ) വിവിധ സര്‍ക്കാര്‍ വകുപ്പുവക വാഹനങ്ങള്‍ തുടങ്ങിയവ. സത്യം പറയാമല്ലോ പോലീസ് ഏമാന്മാര്ക്ക് ചില ലൊട്ടുലൊടുക്കുപണിയുണ്ടാവുന്നത് സമരലീലാവിലാസവേളയിലാണ്. അതും കുഞ്ഞൂഞ്ഞിന്റെ പിള്ളാര് ഭരണക്കസേരയില്‍ അമര്‍ന്നിരിക്കുന്ന വേളയില്‍.
പൊതുസ്വത്താവുമ്പോള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് അതിന്മേല് അവകാശം സ്ഥാപിക്കാന്‍ കഴിയില്ല എന്നൊരു വശമുണ്ട്. എത്രപേര്‍ ഒന്നിച്ചാവശ്യപ്പെട്ടാലാണ് അതിന്റെ ഉടമസ്ഥാവകാശം പതിച്ചുകൊടുക്കുക എന്നതിനെക്കുറിച്ച് ഭരണഘടനയില്‍ പരാമര്‍ശവുമില്ല. ഗാന്ധിജി പൊതുജനങ്ങളെ സംഘടിപ്പിച്ച് സ്വാതന്ത്ര്യസമരം നയിച്ചപ്പോള്‍ ഇമ്മാതിരി പൊതുമുതല്‍ നശീകരണം ഉണ്ടായിരുന്നോ എന്നു തിട്ടമില്ല. അന്ന് ബ്രിട്ടീഷുകാരന്റെ മുതലായിരുന്നോ പൊതുമുതല്‍ എന്നറിയണമെങ്കില്‍ ചുരുങ്ങിയത് കെ.എന്‍.പണിക്കര്‍ എന്ന സാഹസികചരിത്രകാരനോട് ആരായേണ്ടിവരും. എന്തായാലും ഒരുകാര്യം ഉറപ്പാണ്. പൊതുമുതല്‍ എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. അല്ലെങ്കില്‍ ആര്‍ക്കും അവകാശപ്പെട്ടതല്ല. അടുത്തിടെ നടന്ന സമര- പണിമുടക്ക്- ഹര്‍ത്താല്‍ വേളകളില്‍ കണ്ട പൊതുമുതല്‍ നശീകരണം വഴി ഒരു കാര്യം വ്യക്തമാവുന്നു. മേപ്പടി ലീലാവിലാസങ്ങളില്‍ പെടാത്തവരുടേതാണ് പൊതുമുതല്‍. അപ്പോള്‍ അതിന്റെ നടത്തിപ്പുകാരെ എന്തുപേരിട്ട് വിളിക്കുമെന്നാണ് ചോദ്യമെങ്കില്‍ അതല്ലേ അവരുടെ പാര്‍ട്ടിപേര് എന്ന് തിരിച്ചു ചോദിക്കുകയുമാവാം.
ഗവേഷണ കുതുകികളായ ആരെങ്കിലുമുണ്ടെങ്കില്‍ പെയിലറ്റ് പ്രബന്ധത്തിന്റെ ഒടുവില്‍ പൊതു മുതലിന് ഇങ്ങനെയൊരു വ്യാഖ്യാനം എഴുതിച്ചേര്‍ക്കാം: അതാതു കാലത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ മുതലുകളൊക്കെയും പൊതുസ്വത്തില്പെടും. അതൊക്കെ പിടിച്ചെടുക്കാനും എന്നെന്നേക്കുമായി നശിപ്പിക്കാനും ചുമതലയുള്ളവരുടെ വിഭാഗമാവുന്നു പ്രതിപക്ഷം. പക്ഷത്തിന് നേരെ എതിര്തിരിഞ്ഞു നില്ക്കുന്നവരല്ലോ പ്രതിപക്ഷം. അങ്ങനെയുള്ള പ്രതിപക്ഷത്തെ അടുത്ത ഭരണപക്ഷമാക്കലാണല്ലോ ജനസമാന്യത്തിന്റെ കടമ. പൊതുസ്വത്ത് കാലാകാലം ഒരു വിഭാഗം വെച്ചുകൊണ്ടിരിക്കുക എന്നതില്‍ തന്നെ ഔചിത്യഭംഗമില്ലേ ?
അങ്ങനെയിരിക്കും കാലത്തിലാണ് നമ്മുടെ വിപ്ലവകക്ഷിയുടെ സെക്രട്ടറിക്ക് ചില ബോധോദയമുണ്ടാകുന്നത്. ബുദ്ധന് ആയത് ഗയയില്‍ നിന്നായിരുന്നെങ്കില്‍ സെക്രട്ടറിക്കത് ഏകെജി കേന്ദ്രത്തില്‍ നിന്നായി എന്ന വ്യത്യാസമേയുള്ളു. പപ്പനാവന്റെ അഞ്ചു ചക്രത്തെക്കുറിച്ച് ഇങ്ങ് വടക്കുള്ള സെക്രട്ടറിക്ക് ആദ്യമൊന്നും അത്രയ്ക്കങ്ങ് അറിയില്ലായിരുന്നു. പിന്നീട് വടക്കന്‍ വീരഗാഥകള്‍ തെക്കന്‍ പ്രദേശത്ത് എത്തിയതിനെ തുടര്‍ന്നാവാം പത്മനാഭസ്വാമിയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വത്തിനെക്കുറിച്ചും ടിയാന് അറിയാനിടയായത്. തനിക്കുപഥ്യനല്ലാത്ത നേതാവ് നേരത്തെ സ്വത്തുവിഷയത്തില്‍ ചിലത് പറഞ്ഞിരുന്നു. കാര്യം കൈവിട്ടുപോവുമെന്നായപ്പോള് സിന്‍ഡിക്കേറ്റ് മാധ്യമങ്ങളെയുള്പ്പെടെ വിളിച്ചുകൊണ്ടുവന്ന് വരിനിര്‍ത്തി സെക്രട്ടറി ചില കാച്ചുകാച്ചി. അത് ആവശ്യത്തിലേറെ പ്രതികരണങ്ങളുണ്ടാക്കിയെന്നാണ് പിന്നാമ്പുറ കഥകളില്‍ കാണുന്നത്.
ഒന്നും കാണാതെ ഒന്നിനും ഇറങ്ങിത്തിരിക്കുന്നയാളല്ല സെക്രട്ടറി. ഘടോല്‍ക്കചനെ യുദ്ധത്തിനയയ്ക്കാന് എന്തു കാരണമാണോ പണ്ട് ധര്‍മപുത്രരോട് കൃഷ്ണന് പറഞ്ഞത്, അതേ ന്യായം തന്നെയാണിപ്പോള്‍ സെക്രട്ടറിക്കുമുള്ളത്. ശതകോടികള്‍ വരുന്ന സ്വത്തുവകകള്‍ വെളിച്ചം കാണാത്ത അറയില്‍ പൂട്ടിവെക്കുന്നതില് അര്‍ത്ഥമില്ല. അത് ശ്രീപത്മനാഭന്റെയോ അദ്ദേഹത്തിന് അതെത്തിച്ചുകൊടുത്ത രാജാവിന്റെയോ പ്രജകളുടെയോ അല്ല. പിന്നെയോ പൊതുസ്വത്താണ്. പൊതുസ്വത്താവുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. നോക്കിന്, എത്രയെത്ര പൊതു സ്വത്തുക്കളാണ് സമരകാലയളവില്‍ ഒരു പ്രശ്നവും കൂടാതെ കൈകാര്യം ചെയ്തത്. അതുപോലെ തന്നെ പത്മനാഭസ്വാമിയുടെ സ്വത്തും സ്വയമ്പനായി കൈകാര്യം ചെയ്യാം. അക്കാര്യത്തില്‍ തികഞ്ഞ വിവേകമുള്ള, വിവരമുള്ള, കഴിവുള്ള വിദ്വാന്മാര് പാര്‍ട്ടിയില്‍ എമ്പാടുമുണ്ട്. അവരുടെയൊക്കെ നിസ്തന്ദ്ര പ്രവര്‍ത്തനത്തിന്റെ ആകെത്തുകയത്രെ പാര്‍ട്ടിയുടെ സ്വത്തുവകകള്‍. തലയില്‍ വെളിച്ചം കയറാത്ത കുഞ്ഞുഞ്ഞിനെപോലുള്ളവരും ഹൈന്ദവപാരമ്പര്യത്തിന്റെ ഓംഹ്രീം അറിയാത്ത താടിക്കാരും വെറുതെ പുക്കാര്ത്തുണ്ടാക്കുകയാണ്. അല്ലെങ്കില്‍ തന്നെ കര്‍മണ്യേവാധികാരസ്തേ, മാഫലേഷുകദാചന എന്ന ആപ്തവാക്യം ചൊല്ലുന്നവര്‍ ഇക്കാര്യത്തില്‍ വായിട്ടലയ്ക്കുന്നതെന്തിന് ? തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്നു പറയുന്നവര്‍ സ്വത്തുവകകള്‍ മാത്രം കാര്യമായെടുക്കുന്നതെന്തിന് ?
ഗുരുവായൂരെ കൃഷ്ണന്റെ സ്വത്ത് കൈകാര്യം ചെയ്യാനറിയാമെങ്കില്‍ പത്മനാഭന്റെ സ്വത്താണോ ഇത്ര വലിയ ആനക്കാര്യം. ആയതിനാല്‍ എല്ലാ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതലുള്ളവരും ജാഗ്രതയോടെയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരവരുടെ അധികാരപരിധിയിലുള്ള ക്ഷേത്രസ്വത്തുവകകളുടെ (ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പള്ളി, കുരിശ് എന്നിവ ഇതില്‍ പെടുന്നില്ല) കണക്കെടുപ്പ് ഉടനെ തുടങ്ങണം. ബ്രാഞ്ചുസമ്മേളനത്തില് അവതരിപ്പിച്ച് പാസ്സാക്കി ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച് അനുമതി വാങ്ങാനുള്ളതാണ്. അനുമതി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരു കളിയുണ്ട്; ആര്‍ക്കും തടുക്കാനാവാത്ത കളി. പണ്ട് പാറപ്പുറത്ത് നിന്ന് തുടങ്ങിയ കളിയാണ്. അത് അവസാനിപ്പിക്കാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കതിനക്കാരനെയാണിപ്പോള് ഉടുക്കുകൊട്ടിപേടിപ്പിക്കുന്നത്; അല്ല പിന്നെ.
പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതിന്റെ ചെറിയൊരു രൂപം മംഗള (സപ്തം.20) ത്തില്‍ സക്കീര്‍ഹുസൈന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതൊരു സ്വാഭാവിക രചനയാണെങ്കിലും ഇന്നത്തെ കലുഷാന്തരീക്ഷത്തില്‍ പ്രസക്തിയേറെയാണ്. നേരെചൊവ്വെ പറഞ്ഞുപോകുന്നു എന്ന ദൂഷ്യം പറഞ്ഞാലും രാഷ്ട്രീയ പിത്തലാട്ടം ഇങ്ങനെതന്നെയല്ലേയെന്ന് നമുക്കു സമാധാനിക്കാം.
അണ്ണാഹസാരെ നടത്തിയത് ഗാന്ധിയന്‍ സത്യഗ്രഹമായിരുന്നോ എന്ന ചിന്തയാല്‍ നീറിപ്പുകഞ്ഞ് സംഘര്ഷഭരിതനായിരുന്ന കെ.അരവിന്ദാക്ഷന് ഒടുവില്‍ വെളിപാടുണ്ടായിരിക്കുന്നു. അതദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പി (സപ്തം 25, ഒക്ടോ. 1) ന്റെ 8 പേജുകളിലായി ഛര്‍ദ്ദിച്ചിട്ടുണ്ട്. അസഹ്യമായ നാറ്റത്താല്‍ വായിച്ചുപോകാന്‍ ബുദ്ധിമുട്ടാണ്. സത്യഗ്രഹം എങ്ങനെയായിരിക്കണം, എന്തായിരിക്കണം എന്നതിനെക്കുറിച്ച് ടിയാന്റെ നിരീക്ഷണങ്ങള്‍ ഒമ്പതോളം സഹായഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമി മലയാളത്തില്‍ ആരെങ്കിലും ഹസാരെ മാതൃകയില്‍ മുന്നിട്ടിറങ്ങുന്നുണ്ടെങ്കില്‍ മേപ്പടി അരവിന്ദാക്ഷന്റെ സമക്ഷത്ത് ചെന്ന് അനുമതിക്കായി അരിയും പൂവും വാങ്ങാന്‍ മറക്കരുത്. ഇന്നിപ്പോള്‍ ഗാന്ധിജി ഇല്ലാത്തത് എത്ര നന്നായി. ഓ, ഒന്ന് മറന്നു; ടിയാന്റെ നിരീക്ഷണത്തിന് കൊടുത്തിരിക്കുന്ന പേര് ഇതാ: ഹസാരെയുടേത് ഗാന്ധിമാര്ഗമല്ല; നടന്നത് സത്യാഗ്രഹവുമല്ല.
തൊട്ടുകൂട്ടാന്‍
അനായാസേന
ജീവിതം
അസാദ്ധ്യമാക്കിയ
നമുക്ക്
ഇനി ആഗ്രഹിക്കാന്‍
അനായാസേന
മരണം മാത്രം
ശങ്കര്കരിയം
കവിത: ഇനി….?
കേരളസമീക്ഷ മാസിക, കറുകച്ചാല്‍ (സപ്തം.)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: