കോഴിക്കോട് : ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് റൗഫ് കോഴിക്കോട് അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ നടത്തിയ മൊഴി പുറത്തുവന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇരകളായ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയെന്നും ജഡ്ജിമാര്‍ക്ക് പണം നല്കി ഹൈക്കോടതിയില്‍ വന്ന കേസുകള്‍ അട്ടിമറിച്ചുവെന്നും റൗഫ് മജിസ്ട്രേറ്റിന് മുന്നിലും ആവര്‍ത്തിക്കുന്നു.
ഐസ്ക്രീം കേസ് പണം നല്കി അട്ടിമറിച്ചുവെന്ന റൗഫിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ ഫെബ്രുവരി 25ന് മൊഴി രേഖപ്പെടുത്തിയത്. ജസ്റ്റിസ് തങ്കപ്പനും വിചാരണ കോടതി ജഡ്ജി സത്യനും വായിച്ചതു പ്രതികളുമായി ബന്ധപ്പെട്ടവര്‍ എഴുതി തയാറാക്കിയ വിധിന്യായമാണെന്നും കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു. അഡ്വ അനില്‍ തോമസ് ആണ് വിധിന്യായം എഴുതി തയാറാക്കിയത്. വി.കെ.ബീരാന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു.
സി.ബി.ഐ അന്വേഷണം തടയാനായി കുഞ്ഞാലിക്കുട്ടി ജസ്റ്റിസ് നാരായണ കുറുപ്പിന് ഒരു കോടി രൂപ നല്കാന് തയാറായിരുന്നു. എന്നാല്‍ ജസ്റ്റിസ് നാരായണ കുറുപ്പിന്റെ മരുമകന് സണ്ണി ആവശ്യപ്പെട്ടത് വെറും അഞ്ച് ലക്ഷം രൂപയാണ്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്റെ ഭാര്യയ്ക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ 32.5 ലക്ഷം രൂപ നല്‍കിയതായും റൗഫ് മൊഴി നല്കി. ഇതിന് പ്രത്യുപകാരമായി ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് എം.കെ ദാമോദരന്‍ നിയമോപദേശം നല്കി.
ഐസ്ക്രീം കേസിന് പുറമേ കോതമംഗലം പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയും കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഈ കേസ് 15 ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്കി ഒതുക്കിയതായും റൗഫ് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: