പെരുമ്പാവൂര്‍: സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തതോടെ പെരുമ്പാവൂരില്‍ സിപിഎമ്മിന്റെ ഗ്രൂപ്പ് പോരും വിഭാഗീയതയും മറനീക്കി പുറത്തുവന്നുതുടങ്ങി. ഇതിന്റെ ഭാഗമെന്നോണം ജില്ലാ സമിതി അംഗവും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.കെ.സോമനെതിരെ പേരുവച്ച് അച്ചടിച്ച പോസ്റ്ററുകള്‍ പെരുമ്പാവൂര്‍, കറുപ്പംപടി, അശമന്നൂര്‍ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ലൈംഗിക അപവാദത്തില്‍ ആരോപണവിധേയനായ പി.കെ.സോമന് രാജിവയ്ക്കുക എന്നതാണ് പോസ്റ്ററിലെ ഉള്ളടക്കം. ഇത്തരം പോസ്റ്ററുകള്‍ പാര്ട്ടിക്കുള്ളിലെതന്നെ എതിര് ചേരിക്കാര്‍ പുറത്തിറക്കിയതാണെന്നും സംസാരമുണ്ട്.
എന്നാല്‍ കൂവപ്പടി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാജിനെ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കുവാന്‍ ഏരിയാ കമ്മറ്റി തീരുമാനിച്ചതായും അറിയുന്നു. കുറുപ്പംപടി സര്‍വീസ് സഹകരണബാങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി മെമ്പറില്‍നിന്നും ഒരുലക്ഷത്തോളം രൂപ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടിക്കൊരുങ്ങുന്നത്. പിണറായി പക്ഷക്കാരനായ ജയരാജിനെതിരെ വിഎസ് വിഭാഗമാണ് പരാതി നല്‍കിയതെന്നാണ് അറിവ്. പാര്‍ട്ടിക്കുള്ളിലെ രഹസ്യവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ ഒരു മുന്‍ ബ്ലോക്ക് സെക്രട്ടറിക്കെതിരെയും നടപടിക്ക് നീക്കം നടക്കുന്നുണ്ട്.
അല്ലപ്രയില്‍ സിപിഎം വിമതനായി മത്സരിച്ച ഗോപാലകൃഷ്ണന് ജയിക്കാന്‍ കാരണമായതും പഞ്ചായത്തില്‍ പാര്‍ട്ടി പരാജയപ്പെട്ടതും ഒരു ഏരിയാ കമ്മറ്റി അംഗത്തിന്റെ അറിവോടെയും സഹായത്തോടെയാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ ജില്ലാ സംസ്ഥാന കമ്മറ്റികള്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് നടപടിക്ക് സാധ്യതയുണ്ടെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: