കൊച്ചി: റെസിഡന്റ്സ് അസോസിയേഷനുകള്‍, നഗരസഭ, ജില്ലാഭരണകൂടം, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കൊച്ചിയെ ലോകത്തെ പ്രഥമ ഹരിതനഗരമാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ കൊച്ചി ചാപ്റ്റര്‍ തുടക്കം കുറിച്ചു.
ലോക ഗ്രീന്‍ ബില്‍ഡിങ് വാരാഘോഷത്തോടനുബന്ധിച്ച് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത എഡ്രാക്( ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് കൗണ്‍സില്‍) പ്രതിനിധികളുടെ യോഗം ഹരിത നഗരമാക്കുന്നതിനുള്ള 12 ഇന മാര്‍ഗരേഖ ചര്‍ച്ച ചെയ്തംഗീകരിച്ചു. എല്ലാ പ്രകാശ സ്രോതസ്സുകളും എല്‍ ഇ ഡി നിലവാരത്തിലേക്ക് കൊണ്ടു വരിക, വൈദ്യുതീകരണത്തിന് ഭാഗികമായെങ്കിലും പി വി സോളാര്‍ പാനലുകള്‍ ഉപയോഗപ്പെടുത്തുക, ഫ്ലാറ്റുകളുടെ ബാല്‍ക്കണികളിലും ഓപ്പണ്‍ ടെറസ്സിലും വെര്‍ടിക്കല്‍ ഗാര്ഡന് ഉണ്ടാക്കുക, മഴവെള്ള സംഭരണം എല്ലാ വീടുകളിലും നടപ്പിലാക്കുക, ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വൈദ്യുതിക്ക് ബദലായി ചെറിയ കാറ്റാടി യന്ത്രം തുടങ്ങിയ വൈദ്യുതി സ്രോതസ്സുകളുടെ ഉപയോഗം വീടുകളില്‍ വര്‍ധിപ്പിക്കുക, മാലിന്യ സംസ്ക്കരണം കാര്യക്ഷമമാക്കുന്നതിനായി ബയോഗ്യാസ് ടാങ്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വീട് നര്മാണഘട്ടത്തില് തന്നെ നിര്‍ബന്ധമാക്കുക തുടങ്ങിയവ ഈ മാര്ഗനിര്ദേശങ്ങളിലുള്പ്പെടുമെന്ന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍(ഐ ജി ബി സി) കൊച്ചി ചാപ്റ്റര്‍ ചെയര്മാന് ബി. ആര്. അജിത് പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന കൊച്ചി നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷന് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ അവാര്‍ഡ് നല്‍കുന്നതാണ്.
ജില്ലയിലെ 800-ലേറെ വരുന്ന റെസിഡന്റ്സ് അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന എഡ്രാക്കിന്റെ 40 പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തില്‍ എഡ്രാക് പ്രസിഡന്റ് രങ്കദാസ പ്രഭു അദ്ധ്യക്ഷം വഹിച്ചു. കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. മധുസൂധന കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഐ ജി ബി സി കൗണ്‍സിലര്‍ പ്രവീണ്‍കുമാര്‍ സോമ, ബി. ആര് അജിത്, ആര്‍ക്കൈറ്റ്ക്റ്റ് മാധുരി ജാദവ്, ഐ ജി ബി സി കൊച്ചി ചാപ്റ്റര്‍ വൈസ് ചെയര്മാന് ജോര്‍ജ്കുട്ടി കരിയാനപ്പള്ളില്, വില്‍സണ്‍ കെ. തോമസ്, ശശികേഷ് ബി. പ്രഭു, ആദര്‍ശ് കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: