ഭുവനേശ്വര്‍: ഒറീസയിലെ ബിജെഡി നിയമസഭാംഗം മജിഹി മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാഭടനും കൊല്ലപ്പെട്ടു. ഗോത്രവര്‍ഗ നേതാവും ഉമര്‍കോട് അസംബ്ലി മണ്ഡലത്തിലെ ജനപ്രതിനിധിയുമായ 39കാരനായ മജിഹി പട്ടയവിതരണത്തിനായി ഗോണഗ്രാമത്തിലെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ മന്മോഹന് പ്രഹരാജ് അറിയിച്ചു.
നക്സല്‍ബാരി പ്രദേശത്ത് പട്ടയവിതരണം നടക്കവേ നാല് അജ്ഞാതരായ ആയുധധാരികള്‍ വേദിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കപ്പെടുന്നു. സംഭവസ്ഥലം മാവോയിസ്റ്റുകളുടെ കേന്ദ്രമായ ഛത്തീസ്ഗഢിനടുത്താണ്. മൃതദേഹങ്ങള്‍ രാജ്ഘര്‍ പോലീസ്സ്റ്റേഷനിലെത്തിച്ചു. അന്വേഷണം തുടരുന്നതായി നവരംശഗപൂര് പോലീസ് സൂപ്രണ്ട് നിതിശേഖര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: