Categories: World

ചൈനയില്‍ പാര്‍ട്ടി നേതാക്കള്‍ കൃഷിക്കാരുടെ ഭൂമി വിറ്റതിനെതിരെ പ്രക്ഷോഭം

Published by

ബീജിങ്ങ്‌: തെക്കന്‍ ചൈനയില്‍ ഭൂമി വ്യാപാരവുമായി ബന്ധപ്പെട്ട്‌ ലഹളകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ലഹളക്കാര്‍ ഗുവാന്‍ ഡോങ്ങ്‌ പ്രവിശ്യയിലെ ലു ഫെങ്ങ്‌ പട്ടണത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥരെ പരിക്കേല്‍പിക്കുകയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകളുണ്ടാക്കുകയും ചെയ്തു. ഓരോ വര്‍ഷവും ചൈനയില്‍ ആയിരക്കണക്കിന്‌ പ്രക്ഷോഭങ്ങളുണ്ടാവാറുണ്ട്‌. അതില്‍ ചിലവ ആക്രമാസക്തമാകുന്നു. വൂക്കന്‍ ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫീസും പോലീസ്‌ സ്റ്റേഷനും വ്യവസായപ്രദേശവുമാണ്‌ പ്രകടനക്കാര്‍ ലക്ഷ്യമിട്ടതെന്ന്‌ സൗത്ത്‌ ചൈന മോര്‍ണിങ്ങ്‌ പോസ്റ്റ്‌ അറിയിച്ചു. പ്രാദേശിക കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ ഭൂമി ഭൂവികസനക്കാര്‍ക്ക്‌ വിറ്റതാണ്‌ ജനരോഷമുയരാന്‍ കാരണം. എന്റെ പാരമ്പര്യസ്വത്തുക്കള്‍ തിരിച്ചുതരൂ എന്ന മുദ്രാവാക്യവുമായി പ്രകടനക്കാര്‍ നീങ്ങുന്നത്‌ ഇന്റര്‍നെറ്റിലുടെ ദൃശ്യമായിരുന്നു. എന്നാല്‍ പ്രകടനത്തില്‍ വളരെക്കുറച്ച്‌ പേര്‍ മാത്രമാണുണ്ടായിരുന്നതെന്ന്‌ പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭൂമി കൈമാറ്റമാണ്‌ പ്രക്ഷോഭത്തിന്റെ പ്രാഥമിക കാരണമെങ്കിലും പോലീസ്‌ ഒരു കുട്ടിയെ കൊന്നുവെന്ന കിംവദന്തിയാണ്‌ ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കിയതെന്ന്‌ ഒരു പ്രസ്താവനയില്‍ അവര്‍ വെളിപ്പെടുത്തി. സപ്തംബര്‍ 22ന്‌ ഏകദേശം ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ ദുരുദ്ദേശപരമായി പോലീസ്‌ കുട്ടിയെകൊന്നുവെന്ന വാര്‍ത്ത പരന്നത്‌. കോപാകുലരായ ജനക്കൂട്ടം ഒരു പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്ന്‌ പ്രസ്താവന തുടരുന്നു. സംഭവത്തില്‍ 12 ഓഫീസര്‍മാര്‍ക്ക്‌ പരിക്കേറ്റതായും 6 പോലീസ്‌ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതായും സൗത്ത്‌ ചൈന മോര്‍ണിംഗ്‌ പോസ്റ്റ്‌ അറിയച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഭൂമി വികസിപ്പിക്കുന്നവര്‍ക്ക്‌ വേണ്ടി കൃഷിസ്ഥലങ്ങള്‍ അതിന്റെ ഉടമസ്ഥരായ കൃഷിക്കാര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാതെ വില്‍ക്കാറുണ്ട്‌. ഇതിനെതിരായ നിയമങ്ങള്‍ ഉണ്ടെങ്കിലും പ്രാദേശികമായി അവയെ അവഗണിക്കാറാണ്‌ പതിവ്‌. സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കണമെങ്കില്‍ ചൈനയില്‍ അഴിമതിയും സാമ്പത്തിക അസമത്വങ്ങളും അവസാനിപ്പിക്കേണ്ടതുണ്ടെന്ന്‌ പ്രധാനമന്ത്രി വെന്‍ ജിയാബോ ഈ വര്‍ഷമാദ്യം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by