Categories: Kerala

യുപിഎ സര്‍ക്കാര്‍ പെട്രോള്‍വില വര്‍ധിപ്പിച്ചത്‌ 98.34 ശതമാനം

Published by

കൊച്ചി: കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരുകളുടെ കാലഘട്ടത്തില്‍ ഇന്ധനവില വര്‍ധനവില്‍ നടന്നിട്ടുള്ളത്‌ പകല്‍ക്കൊള്ള. 2005 ഏപ്രില്‍ മുതല്‍ 2011 സപ്തംബര്‍ വരെയുള്ള ആറര വര്‍ഷക്കാലയളവില്‍ പെട്രോള്‍ വിലയില്‍ 98.34 ശതമാനം വര്‍ധനവാണ്‌ വരുത്തിയിട്ടുള്ളത്‌. ഒന്നാം യുപിഎ സര്‍ക്കാര്‍ 2004 മെയില്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ വില 33.70 രൂപയായിരുന്നു. എന്നാല്‍ 2011 സപ്തംബറില്‍ 66.84 (ദല്‍ഹി വില) ആയി ഉയര്‍ന്നു.

അതേസമയം ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വെറും 10.86 രൂപയുടെ വര്‍ധനവ്‌ മാത്രമാണ്‌ ഉണ്ടായിട്ടുള്ളത്‌. 22.84 എന്നത്‌ 33.70 ആയി വര്‍ധിപ്പിക്കുക മാത്രമാണ്‌ ചെയ്തത്‌.

നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതിയായി ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്നത്‌ 1,20,000 കോടിയാണ്‌. 52 ശതമാനം നികുതിയാണ്‌ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‌ ഈടാക്കുന്നത്‌. അമേരിക്കയിലും ബ്രിട്ടനിലും പെട്രോള്‍ വില ഇന്ത്യയേക്കാള്‍ കുറവാണ്‌. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പെട്രോളിന്‌ നികുതി ഇവിടുത്തേക്കാള്‍ കുറവാണ്‌. ശ്രീലങ്ക 37 ശതമാനം, തായ്‌ലന്‍ഡ്‌ 24 ശതമാനം, പാക്കിസ്ഥാന്‍ 30 ശതമാനം എന്നിങ്ങനെയാണ്‌. പെട്രോളിന്റെ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്‌ നല്‍കിയതിന്‌ ശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 15തവണയാണ്‌ പെട്രോള്‍ വില വര്‍ധിപ്പിച്ചത്‌. ഏതാണ്ട്‌ 25 രൂപയിലധികം വര്‍ധനവാണ്‌ വരുത്തിയത്‌.

പെട്രോളിന്റെ വിലനിയന്ത്രണാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്ന കാലഘട്ടത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍വില ഉയരുമ്പോള്‍ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുവാന്‍ സബ്സിഡി നല്‍കുവാനാണ്‌ ഇൗ‍ വന്‍ അധികനികുതി വിഭാവനംചെയ്തത്‌. എന്നാല്‍ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്‌ നല്‍കിയശേഷം നികുതി കുറക്കാതെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌.

ഒരു ലിറ്റര്‍ പെട്രോളിന്‌ ഏഴ്‌ തരം നികുതിയാണ്‌ പൊതുജനം നല്‍കേണ്ടത്‌. കസ്റ്റംസ്‌ ഡ്യൂട്ടി, എക്സൈസ്‌ ഡ്യൂട്ടി, എജ്യോൂക്കേഷന്‍ സെസ്‌, സെയില്‍സ്ടാക്സ്‌, സ്റ്റേറ്റ്‌ സെസ്‌. സംസ്ഥാനത്തിന്റെ വില്‍പനനികുതിയാണ്‌ ഏറ്റവും കൂടുതല്‍. 25 ശതമാനത്തോളം വരുമിത്‌. വില്‍പനനികുതി കുറക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം വിലവര്‍ധനവിലെ അധികവരുമാനം ഒഴിവാക്കി തലയൂരുകയാണ്‌ ചെയ്യുന്നത്‌. ഇതിലൂടെ വെറും 70 പൈസയുടെ കുറവ്‌ മാത്രാണുണ്ടായത്‌.

എണ്ണക്കമ്പനികള്‍ക്ക്‌ വിലനിയന്ത്രണാവകാശം നല്‍കിയതോടെയാണ്‌ സ്വകാര്യമേഖലയിലെ കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ പൂട്ടിക്കിടന്ന പമ്പുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിച്ചത്‌. ഈ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ വിലവര്‍ധനവിലൂടെ നേടുന്നത്‌ സഹസ്രകോടികളാണ്‌. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ പിഴിഞ്ഞും സ്വകാര്യമേഖലയിലെ കുത്തതകള്‍ക്കും എണ്ണക്കമ്പനികള്‍ക്കും വന്‍ലാഭമുണ്ടാക്കിക്കൊടുക്കുന്ന നയമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.

എന്‍.പി. സജീവ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by