തിരുവനന്തപുരം: ഒരു നേരത്തെ ഹോട്ടല്‍ ഭക്ഷണത്തിന് 35 രൂപ വേണമെന്നിരിക്കേ ഗ്രാമ, നഗരങ്ങളിലെ ദാരിദ്ര്യ രേഖയുടെ പരിധി ഇതിലും താഴെ നിശ്ചയിച്ച ആസൂത്രണ കമ്മിഷനെ വീട്ടമ്മമാര്‍ ചൂലെടുത്ത് തല്ലണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വനിതാസംവരണ ബില്ല് പാസാക്കുന്ന കാര്യത്തിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കുന്ന കാര്യത്തിലും സി.പി.എമ്മിനും വിഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ഗ്രാമങ്ങളില്‍ 26 രൂപയ്ക്കും നഗരങ്ങളില്‍ 35 രൂപയ്ക്കും മീതെ വരുമാനമുള്ളവര്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ വരുമെന്ന ആസൂത്രണ കമ്മിഷന്റെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ ഭാഷയിലാണ് വി.എസ് വിമര്‍ശിച്ചത്.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപടിക്കുന്നത് തടയുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിയമസഭയില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതാണ് ഇപ്പോഴത്തെ ഗുരുതരാവസ്ഥയ്ക്ക് കാരണം. ധര്‍മ്മാശുപത്രികളെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും വി.എസ് ആരോപിച്ചു. വനിതാസംവരണ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തത് വലിയ പോരായ്മയാണ്.
പാര്‍ട്ടിയിലും തെരഞ്ഞെടുപ്പിലും ഉള്‍പ്പടെ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്കുന്നതില് സി.പി.എമ്മിലും വീഴ്ചകള്‍ ഉണ്ടായിയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: