ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന് പിന്തുണയുമായി വീണ്ടും സി.ബി.ഐ രംഗത്ത്. 2 ജി സ്പെക്ട്രം കേസില്‍ അന്തിമ തീരുമാനം എ.രാജയുടേതായിരുന്നുവെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ധനമന്ത്രാലയത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സി.എ.ജി നല്‍കിയിട്ടില്ലെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
സ്പെക്ട്രം ഇടപാടില്‍ പി.ചിദംബരവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ കേസ് സംബന്ധിച്ച വാദം കഴിഞ്ഞ മൂന്നു ദിവസമായി സുപ്രീംകോടതിയില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ചിദംബരത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു.
സ്പെക്ട്രം ഇടപാടില്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കുറിപ്പുകളായിരുന്നു പ്രധാന തെളിവ്. ഈ കുറിപ്പില്‍ ഇടപാടില്‍ ചിദംബരത്തിന് അറിവുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി.ബി.ഐക്ക് വേണ്ടി ഇന്ന് ഹാജരായ കെ.കെ വേണുഗോപാല്‍ ധനമന്ത്രാലയത്തിന്റെ അറിവോടെയല്ല സ്പെക്ട്രം ഇടപാട് നടന്നതെന്ന് അറിയിക്കുകയായിരുന്നു.
ടെലികോം മന്ത്രി എ.രാജ തന്റെ അധികാരം ഉപയോഗിച്ചാണ് സ്പെക്ട്രം ഇടപാട് നടത്തിയത്. സ്പെക്ട്രം ലേലം ചെയ്ത് നല്‍കണമെന്നുമായിരുന്നു ധനമന്ത്രാലയത്തിന്റെ ഉറച്ച നിലപാടെന്നും കെ.കെ വേണുഗോപാല്‍ വാദിച്ചു. അതിനാല്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തെ ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ വേണുഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: