Categories: India

2ജി വിവാദത്തില്‍ പ്രതികരിക്കുന്നില്ലെന്ന് പ്രണബ് മുഖര്‍ജി

Published by

ന്യൂയോര്‍ക്ക്‌: 2 ജി ഇടപാടിലെ ക്രമക്കേടിനെ കുറിച്ച്‌ അന്നത്തെ ധനമന്ത്രി പി.ചിദംബരത്തിന്‌ അറിയാമായിരുന്നെന്ന്‌ സൂചിപ്പിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചുവെന്ന വാര്‍ത്തയോട്‌ പ്രതികരിക്കുന്നില്ലെന്ന്‌ പ്രണബ്‌ മുഖര്‍ജി പറഞ്ഞു.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും അഴിമതി ഇല്ലാതാക്കാനാണ്‌ സര്‍ക്കാര്‍ വിവരാവകാശ നിയമം അവതരിപ്പിച്ചതെന്നും അങ്ങനെയാണ്‌ കത്ത്‌ പുറത്തുവന്നതെന്നും പ്രണബ്‌ പറഞ്ഞു. അന്ന് പി. ചിദംബരം ഉറച്ച നിലപാടെടുത്തിരുന്നുവെങ്കില്‍ ചുളുവിലയ്‌ക്ക് സ്പെക്ട്രം വില്‍ക്കാനാവില്ലായിരുന്നു എന്നാണ് പ്രണബിന്റെ കത്തിലെ നിരീക്ഷണം.

ഇന്ത്യ-യുഎസ് ഇന്‍വെസ്റ്റര്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയതാണ് പ്രണബ് മുഖര്‍ജി. ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പ്രണബിന്റെ കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. 2 ജി സ്‌പെക്‌ട്രം ലേലം ചെയ്യേണ്ടെന്ന്‌ തീരുമാനിച്ചത്‌ ചിദംബരത്തിന്റെ അറിവോടെയാണെന്ന്‌ വ്യക്തമാക്കുന്ന രേഖകള്‍ ബുധനാഴ്ചയാണ് പുറത്തു വന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നല്‍കിയ കുറിപ്പ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി കണ്ടിട്ടായിരുന്നു അയച്ചിരുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by