കൊച്ചി: ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും പി.സി. വിഷ്ണുനാഥ് എംഎല്‍എയുടെയും പ്രസ്താവനകള്‍ക്കെതിരെ ആര്‍എസ്എസ് നേതൃത്വം ഇരുവര്‍ക്കും വക്കീല്‍ നോട്ടീസയച്ചു.
കൊച്ചിയില്‍ നടന്ന ഒരു ആര്‍എസ്എസ് യോഗത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസ് പ്രസ്താവിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഗാന്ധിയെ വധിച്ച ഗോഡ്സെയെ സംഘപരിവാര്‍ നേതൃത്വം തള്ളിപ്പറയാത്ത സാഹചര്യത്തില്‍ ആര്എസ്എസിനെവെള്ളപൂശുന്ന തരത്തില്‍ സംസാരിച്ച കെ.ടി. തോമസ് മാപ്പുപറയണമെന്നായിരുന്നു രമേശിന്റേയും വിഷ്ണുനാഥിന്റേയും വിവാദ പ്രസ്താവന. ഇതിനെതിരെയാണ് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് അഡ്വ. പി. വിജയകുമാര്‍ മുഖേന വക്കീല്‍ നേട്ടീസ് അയച്ചത്.
2011 ആഗസ്റ്റ് ഒന്നിനാണ് ടിഡിഎം ഹാളില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ഗുരുപൂജ നടന്നത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പങ്കെടുത്ത ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച കെ.ടി. തോമസ് ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെ രമേശും വിഷ്ണുനാഥും നടത്തിയ പ്രസ്താവനകള്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടയാക്കിയെന്നും പ്രവര്‍ത്തകരുടെ മനസിനെ വൃണപ്പെടുത്തിയെന്നും നോട്ടീസില്‍ ആര്‍എസ്എസ് ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഇരുവരും നിരുപാധികം മാപ്പുപറഞ്ഞ് വെവ്വേറെ പ്രസ്താവനകള്‍, ദൃശ്യ, അച്ചടി മാധ്യമങ്ങളില്‍ ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി.ഇ.ബി. മേനോന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: