Categories: Kerala

ആവശ്യപ്പെടേണ്ടിയിരുന്നത്‌ വെസ്റ്റ്‌ കോസ്റ്റ്‌ സോണ്‍-ഒ.രാജഗോപാല്‍

Published by

തിരുവനന്തപുരം: കേന്ദ്ര റയില്‍വേമന്ത്രിമാരും ഉദ്യോഗസ്ഥരും കേരളത്തിലെത്തി റയില്‍വേ വികസനത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയപ്പോള്‍ കേരളത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നെന്ന്‌ മുന്‍കേന്ദ്ര റയില്‍വേ മന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര റയില്‍ മന്ത്രിയും ഉദ്യോഗസ്ഥരുമടക്കം വലിയൊരു സംഘം കേരളത്തില്‍ വന്ന്‌ നമ്മുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായപ്പോള്‍ കേരളസര്‍ക്കാര്‍ ആ അവസരം പരമാവധി പ്രയോജനപ്പെടുത്തണമായിരുന്നുവെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. കേരളാ റയില്‍വേയുടെ അടിസ്ഥാനപരമായ വികസനത്തിന്‌ ഉതകുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും സമര്‍പ്പിക്കാന്‍ സര്‍ക്കാരിനായില്ല.

കേരളത്തിന്‌ ഒരു റയില്‍വേ സോണ്‍ വേണമെന്ന ആവശ്യത്തിലുപരി ഇപ്പോള്‍ നേടിയെടുക്കാന്‍ കഴിയുന്നത്‌ വെസ്റ്റ്‌ കോസ്റ്റ്‌ സോണ്‍ ആണെന്ന്‌ രാജഗോപാല്‍ പറഞ്ഞു. തമിഴ്‌നാടിന്റെയും കര്‍ണ്ണാടകയുടെയും ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന തീരപ്രദേശങ്ങള്‍ ചേര്‍ന്ന വെസ്റ്റ്‌ കോസ്റ്റ്‌ സോണ്‍ എന്ന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കില്‍ അതു പരിഗണിക്കപ്പെടുമായിരുന്നു. കേരളത്തിനു മാത്രമായി ഒരു സോണ്‍ എന്ന ആവശ്യം റയില്‍വേ അംഗീകരിക്കില്ല. വെസ്റ്റ്‌ കോസ്റ്റ്‌ സോണിന്റെ ആസ്ഥാനം കേരളമാകണം. കേരളത്തിന്റെ വികസനത്തില്‍ വളരെയധികം പ്രാധാന്യം ഈ സോണിനുണ്ട്‌. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലും മംഗലാപുരത്തെ തുറമുഖവുമെല്ലാം വികസിക്കുന്നതോടെ ഈ സോണിന്‌ കൂടുതല്‍ പ്രസക്തിയുണ്ടാകും. വല്ലാര്‍പാടം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദിനംപ്രതി ഒന്‍പതോളം ചരക്കുവണ്ടികള്‍ ഇവിടേക്കു വരികയും പോകുകയും ചെയ്യുമെന്നാണ്‌ കണക്കാക്കുന്നത്‌. വെസ്റ്റ്‌ കോസ്റ്റ്‌ സോണിനെക്കുറിച്ച്‌ യാതൊരു ആവശ്യവും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരളം ഉന്നയിച്ചിട്ടില്ലന്ന്‌ രാജഗോപാല്‍ പറഞ്ഞു.

കേരളത്തിനു മാത്രമായി ഒരു അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറെ നിയമിച്ചെന്നും പാലക്കാട്ടെ കോച്ചുഫാക്ടറിയ്‌ക്ക്‌ തറക്കല്ലിടുമെന്നും നിലമ്പൂരില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ തീവണ്ടി തുടങ്ങുമെന്നുമുള്ള പ്രഖ്യാപനങ്ങളാണ്‌ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുമാത്രമാണെന്ന്‌ രാജഗോപാല്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറെ നിയമിക്കുന്നതിലൂടെ സോണ്‍ എന്ന ആവശ്യത്തെ ഇല്ലായ്മ ചെയ്യുകയാണ്‌. പുതിയ നിയമനം കേരളത്തിന്‌ യാതൊരു ഗുണവും ഉണ്ടാക്കുകയുമില്ല. വാജ്പേയ്‌ സര്‍ക്കാരിന്റെ കാലത്ത്‌ താന്‍ റയില്‍ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിലേക്ക്‌ ഒരു ചീഫ്‌ എഞ്ചിനീയറെയും ഫിനാന്‍സ്‌ കമ്മീഷണറെയും നിയമിക്കുകയാണുണ്ടായത്‌. അതിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയും ഇവിടെ നിന്നുതന്നെ നല്‍കാനായി. ഇപ്പോള്‍ ഇതിനെല്ലാം ചെന്നൈയിലേക്ക്‌ പോകേണ്ട അവസ്ഥയാണുള്ളത്‌. കൊച്ചുവേളി റയില്‍വേസ്റ്റേഷന്റെ വികസനത്തിനായി റയില്‍വേ 20 കോടി അനുവദിച്ചെങ്കിലും ഒരുകോടി പോലും ഇനിയും ചെലവിടാന്‍ കഴിയാത്തത്‌ ഇതിനാലാണെന്ന്‌ രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

പാലക്കാട്‌ കോച്ച്‌ ഫാക്ടറിയുടെ കാര്യത്തില്‍ വലിയ അനാസ്ഥയാണ്‌ റയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്‌. ഇതിനു ശേഷം പ്രഖ്യാപിച്ച സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ചുഫാക്ടറിയില്‍ നിന്ന്‌ നവംബര്‍മാസത്തില്‍ ആദ്യത്തെ കോച്ച്‌ പുറത്തു വരും. മമതാബാനര്‍ജിയുടെ ബംഗാളിലെ കോച്ചു ഫാക്ടറിയും അധികം വൈകാതെ പ്രവര്‍ത്തന ക്ഷമമാകും. പാലക്കാട്‌ കോച്ചു ഫാക്ടറിയെ കുറിച്ച്‌ അവ്യക്തത തുടരുകയാണ്‌. അതിന്റെ ഉടമസ്ഥതയെ കുറിച്ചു പോലും ഇതുവരെ തീരുമാനമായിട്ടില്ല. ആ നിലയ്‌ക്ക്‌ ഇപ്പോള്‍ കല്ലിടല്‍ നടത്തുമെന്ന പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനാണ്‌. കല്ലിട്ടാലും അടുത്ത പത്തുവര്‍ഷത്തിനകം കോച്ചുഫാക്ടറിയുടെ പണി തുടങ്ങില്ലെന്ന്‌ രാജഗോപാല്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ രാജ്യറാണി എക്സ്പ്രസ്‌ എന്ന പേരില്‍ പുതിയ തീവണ്ടി എന്നതാണ്‌ മറ്റൊരു പ്രഖ്യാപനം. ഇതു വെറും ലിങ്ക്‌ എക്സ്പ്രസ്‌ മാത്രമാണ്‌. നിലമ്പൂരില്‍ നിന്ന്‌ കുറച്ച്‌ കോച്ചുകളുമായി ഷൊര്‍ണ്ണൂരില്‍ വരുന്ന തീവണ്ടി പാലക്കാട്‌ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വരുന്ന അമൃത എക്സ്പ്രസ്സുമായി കൂട്ടിക്കെട്ടിയാണ്‌ തിരുവനന്തപുരത്തെത്തുന്നത്‌. കേരളത്തിന്‌ പുതിയ ട്രയിന്‍ ഉണ്ടാകുന്നില്ലെന്നതാണ്‌ സത്യം.

പാലക്കാടുനിന്ന്‌ മംഗലാപുരത്തേക്ക്‌ ഡേ എക്സ്പ്രസ്‌ എന്നതാണ്‌ വേറൊരു പ്രഖ്യാപനം. പകല്‍ നേരത്ത്‌ പാലക്കാട്ട്‌ കിടക്കുന്ന അമൃത എക്സ്പ്രസ്സാണ്‌ ഇത്തരത്തില്‍ ഓടിക്കുന്നത്‌. ഫലത്തില്‍ ഇപ്പോള്‍ കൃത്യസമയവും വൃത്തിയും പാലിക്കുന്ന അമൃതാ എക്സ്പ്രസ്സിന്‌ സമയം പാലിക്കാന്‍ കഴിയാതെ വരുകയും ബോഗികള്‍ വൃത്തിയാക്കാനുള്ള സമയം ലഭിക്കാതെ വരുകയും ചെയ്യും.

കേരളത്തിന്റെ സമഗ്രമായ ആവശ്യങ്ങള്‍ വിലയിരുത്തി ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ കേരളം പരാജയപ്പെട്ടിരിക്കുകയാണെന്ന്‌ രാജഗോപാല്‍ പറഞ്ഞു. പര്യാപ്തമായ തരത്തില്‍ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ഇപ്പോള്‍ കേരളത്തിനുണ്ട്‌. ഇനി ആവശ്യം കേരളത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ ആവശ്യത്തിനു തീവണ്ടികളാണ്‌. മെമു സര്‍വ്വീസുകള്‍ ഇതിന്‌ ഉപകരിക്കപ്പെടും. കേരളത്തില്‍ ആദ്യമായി മെമു സര്‍വ്വീസുകള്‍ കൊണ്ടു വന്നത്‌ താന്‍ മന്ത്രിയായിരുന്ന കാലത്താണെന്ന്‌ രാജഗോപാല്‍ വ്യക്തമാക്കി.

പാലക്കാട്‌ ഡിവിഷനില്‍ ഇപ്പോള്‍ ഇത്‌ ഓടുന്നുണ്ട്‌. കൂടുതല്‍ മെമു റയില്‍ സര്‍വ്വീസുകള്‍ അനുവദിച്ച്‌ സബര്‍ബന്‍ റയില്‍ സര്‍വ്വീസ്‌ ശൃംഖലയുണ്ടാക്കണം. എറണാകുളത്ത്‌ ഹായ്‌ ക്കോടതിക്കടുത്ത്‌ കാടുപിടിച്ചു കിടക്കുന്ന പഴയ റയില്‍ സ്റ്റേഷന്‍ ഇതിന്റെ കേന്ദ്രമാക്കാവുന്നതുമാണ്‌. ഗാന്ധിജിയുള്‍പ്പടെയുള്ളവര്‍ വന്നിറങ്ങിയതെന്ന ചരിത്ര പ്രാധാന്യവും ഈ റയില്‍വേ സ്റ്റേഷനുണ്ട്‌.

ശബരി റയിലിനെ കുറിച്ചും നിലമ്പൂര്‍-നഞ്ചന്‍കോട്‌ പാതയെക്കുറിച്ചുമുള്ള ആവശ്യം കേരളം കേന്ദ്ര സംഘത്തിനുമുന്നില്‍ ഉന്നയിച്ചിട്ടില്ല. നിലമ്പൂര്‍-നഞ്ചന്‍കോട്‌ പാത മുമ്പ്‌ സര്‍വ്വേ നടത്തിയതാണ്‌. ഈ പാത വന്നാല്‍ കൊച്ചിയില്‍ നിന്ന്‌ മൈസൂറിലേക്കുള്ള യാത്രയില്‍ ആറുമണിക്കൂറിന്റെ ലാഭമുണ്ടാകും.

റയില്‍വേ വികസനത്തില്‍ കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ അത്‌ കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനോ കഴിയാതെ വന്നത്‌ നിര്‍ഭാഗ്യകരമാണ്‌. കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം കേരളത്തില്‍ വന്ന്‌ ചര്‍ച്ച നടത്തുമ്പോള്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മല എലിയെ പ്രസവിച്ച പ്രതീതിയാണുണ്ടായതെന്ന്‌ രാജഗോപാല്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by