ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി വികസിപ്പിക്കണമെന്നും അത് നിഷ്പക്ഷവും വിശ്വസനീയവും ഫലപ്രദവുമായ ഒന്നായി മാറണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടു. 66-ാമത് ഐക്യരാഷ്ട്ര അസംബ്ലിയില്‍ പങ്കെടുക്കാനുള്ള മാര്ഗമധ്യേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഒരു അംഗമെന്ന നിലയില്‍ അന്തര്‍ദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ ഇന്ത്യ കാര്യമായ സംഭാവനകള്‍ നടത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗമാകാനാണ് ഇന്ത്യയുടെ ശ്രമം. 19 വര്‍ഷത്തിനുശേഷം ഈവര്‍ഷം ജനുവരിയിലാണ് അത് താല്‍ക്കാലിക അംഗമായത്. ലോകം നാനാ രംഗങ്ങളിലും വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അവയെ നേരിടേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അക്കാരണത്താല്‍ത്തന്നെ 66-ാം ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് പ്രസക്തിയേറുന്നു. ഐക്യരാഷ്ട്രസഭ ആഗോള നേതൃസ്ഥാനത്തേക്ക് വരേണ്ട സമയം സമാഗതമായിരിക്കുന്നു. ഭീകരവാദവും മുമ്പെങ്ങുമില്ലാത്തതുപോലെ കടല്‍ക്കൊള്ളയും രാജ്യങ്ങളെയും അന്തര്‍ദേശീയ രാഷ്ട്രീയത്തെയും സാമൂഹ്യസ്ഥിതിയെയും ഭീഷണിയിലാക്കിയിരിക്കുന്നു. ആഗോള സാമ്പത്തികവ്യവസ്ഥ മാന്ദ്യത്തിലാണ്. പടിഞ്ഞാറന്‍ ഏഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും ഗള്‍ഫ് മേഖലയിലും അനിശ്ചിതത്വം തുടരുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 66-ാമത് സമ്മേളനത്തില്‍ പങ്കെടുക്കുന്നതോടൊപ്പം ഇറാന്, തെക്കന്‍ സുഡാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരായും ജപ്പാന്, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളിലെ പ്രധാനമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താമെന്ന് താന്‍ കരുതുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സംഘത്തില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്മേനോന്, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: