Categories: Samskriti

പ്രാര്‍ത്ഥന ധ്യാനമല്ല

Published by

ഈ അനുഭൂതി വിശേഷം വ്യക്ത്യഹന്ത മൂലം പലര്‍ക്കും ലഭിക്കുന്നില്ല. ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നതുപോലും വ്യക്ത്യഹന്ത മൂലമാണ്‌. പ്രാര്‍ത്ഥനയല്ല ധ്യാനം. പ്രാര്‍ത്ഥനയ്‌ക്ക്‌ വ്യക്തമായ ഉദ്ദേശങ്ങളുണ്ട്‌. ഈശ്വരന്റെ മുന്നില്‍ ഉന്നയിക്കാന്‍ ആവശ്യങ്ങളും ഉണ്ട്‌. അതെല്ലാം നേടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ വ്യക്ത്യഹന്ത മുഴച്ചുനില്‍ക്കുന്നു. വ്യക്തിപരവും ഗാര്‍ഹികവും കുടുംബപരവുമായ ദുഃഖങ്ങള്‍ക്ക്‌ പരിഹാരം തേടിയാണ്‌ ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നത്‌. തന്റെ ആവശ്യങ്ങള്‍ സാധിച്ചുവതരേണ്ട ഒരാളാണ്‌ ദൈവം എന്ന്‌ വിചാരിക്കുന്നിടത്തോളം അയാള്‍ക്ക്‌ പ്രാര്‍ത്ഥിക്കേണ്ടതായിട്ടുണ്ട്‌. രണ്ടാമതൊന്നായി ദൈവം എന്ന ഒരാള്‍ കേള്‍ക്കാനുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കുന്നയാള്‍ വ്യക്തി ബോധത്തില്‍ നിന്നേ പറ്റൂ. അയാള്‍ ദൈവത്തില്‍ നിന്ന്‌ അകന്നാണ്‌ നില്‍ക്കുന്നത്‌. അത്‌ ദൈവാനുഭവമല്ല. വ്യക്തിബോധം അമര്‍ന്ന്‌ പോകുന്നതാണ്‌ ധ്യാനം. വ്യക്തിബോധം ദൈവത്തെ മറക്കുകയും മറയ്‌ക്കുകയും ചെയ്യും. അതാണ്‌ മായ.

ദൈവത്തോടുള്ള പ്രാര്‍ത്ഥനാവേളയില്‍ ദൈവത്തെ അനുഭവിക്കാനാവില്ല. എന്നാല്‍ വ്യക്തിബോധത്തിന്‌ നിരാസം സംഭവിക്കുകയും അനുഭവിക്കാന്‍ വേറൊരു ദൈവം ഇല്ലാതായിത്തീരുകയും ചെയ്യുമ്പോള്‍ ദൈവസ്വരൂപം മാത്രം അവശേഷിക്കും. ഈ അവസ്ഥയാണ്‌ ധ്യാനം. അഗാധമായ ശാന്തിയും ആനന്ദവും അവിടെ അനുഭവിക്കാം. മനസ്സിലാക്കാനോ അര്‍ത്ഥിക്കാനോ മറ്റൊന്നില്ല. സ്വസ്ഥിതിയുടെ സാന്ദ്രാ നന്ദം മാത്രം. സമ്പൂര്‍ണ്ണ നിശബ്ദത! ‘സ്വനവുമടങ്ങുമിടം സ്വയം പ്രകാശം’ എന്ന്‌ ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ആത്മോപദേശത്തിന്റെ അനുഭൂതിതലം! അതാണ്‌ ധ്യാനം!

ധ്യാനം അനന്തവിസ്തൃതിയുടെ അപാരഗരിമയില്‍ ലഭിക്കുന്ന ബ്രഹ്മാനന്ദം ആണ്‌. ഒന്നും വേണ്ടാത്ത, ആവശ്യമില്ലാത്ത അവസ്ഥയില്‍ സ്വയം ഉരുകി ലയിച്ച്‌ ആനന്ദ നിര്‍വൃതിയില്‍ ആറാടുന്നു. തന്റെ സ്വരൂപം ആനന്ദമാണ്‌. അയാള്‍ സദാ തൃപ്തനാണ്‌. ആന്തരിക പ്രകാശത്തിന്റെ സമ്പൂര്‍ണ്ണ ധവളിമ! അത്‌ അനുഭവിക്കലല്ല. അതായിത്തീരലാണ്‌.

അനുഭവങ്ങളെ വേര്‍തിരിക്കാനാവാതെ ഇഴുകിയും ഇഴചേര്‍ന്നും ഒന്നാകുന്ന അവസ്ഥയാണ്‌ ധ്യാനം. അവിടെ വേര്‍തിരിവുകളില്ല. അനുഭവസ്വരൂപം മാത്രം അവശേഷിക്കും. ധ്യാനിക്ക്‌ ധ്യാനിക്കപ്പെടുന്നതിന്‌ ഒരു വസ്തു ഉണ്ടാകരുതെന്ന്‌ അര്‍ത്ഥം. അങ്ങനെ ഉണ്ടെങ്കില്‍ അത്‌ ധ്യാനമല്ല. വിഷയ ചിന്തനം മാത്രമായിരിക്കും. അനുഭവിക്കാന്‍ കഴിയുന്നതെല്ലാം ഒഴിവാകണം. അനുഭവസ്വരൂപമായിരിക്കുന്ന ഒരു നിശബ്ദ മാധുര്യമാണ്‌ ധ്യാനാവസ്ഥ. ശേഷിക്കുന്നതും ‘ഉള്ളതും’ ഈ അവസ്ഥ മാത്രം. ധ്യാനിയോ ധ്യാനിക്കപ്പെടുന്നതോ ശേഷിക്കുന്നില്ല. വിഷയാവസ്ഥയും ധ്യാനാവസ്ഥയും ഒത്തുചേര്‍ന്നുപോവില്ല. വിഷയാവസ്ഥയില്‍ വിഷയങ്ങളെ അളന്നുചിട്ടപ്പെടുത്തി സവിശേഷസ്വഭാവങ്ങള്‍ കണ്ടെടുത്ത വൃത്തിയെ ഉണ്ടാവുകയുള്ളൂ. അത്‌ ധ്യാനമല്ല.

വിഷയരഹിതമാകുമ്പോഴേ ധ്യാനാവസ്ഥയിലെത്തുകയുള്ളൂ. നമ്മില്‍ ഉദയമാകുന്ന വിഷയങ്ങള്‍ എന്തെല്ലാമെന്ന്‌ അപഗ്രഥിച്ച്‌ മറയുന്നതുവരെ മാത്രമേ അതിന്‌ നിലനില്‍പുള്ളൂ. ഉദയമാകാത്ത അവസ്ഥയില്‍ നിന്ന്‌ നിലനില്‍പ്പില്ല. നിലവില്‍പ്പില്ലാത്ത ഒന്നിനോട്‌ ആസക്തി ഉണ്ടാവുകയോ അത്‌ സത്യമെന്ന്‌ ധരിക്കുകയോ ചെയ്താല്‍ ധ്യാനാവസ്ഥ നഷ്ടപ്പെടും. നിശ്ചലതയാണ്‌ ധ്യാനം. മറ്റുള്ളതിലെല്ലാം ജീവാത്മാവിന്റെ ചലനാത്മകതയാണ്‌ തുടിക്കുന്നത്‌. അത്‌ നിശ്ചലതയല്ല. നാനാത്വവിഷയങ്ങളെ പ്രകാശിക്കുകയും അറിയുകയഉം ചെയ്യുന്നത്‌ ജീവാത്മാവിന്റെ ചലനസ്ഥിതിയാണ്‌. വിഷയങ്ങള്‍ക്ക്‌ സത്യബുദ്ധികൊടുക്കുന്ന ജീവാത്മാക്കള്‍ എപ്പോഴും ചലനാത്മകതയില്‍ ആയിരിക്കും. ആ സത്യബുദ്ധി നഷ്ടപ്പെട്ടാല്‍ ജീവാത്മാവ്‌ നിശ്ചലമാകും. വിഷയങ്ങളെ നോക്കിക്കാണുന്ന ആള്‍ മാത്രമാകും. ആ വിഷയങ്ങള്‍ക്ക്‌ അസ്തിത്വമില്ലെന്ന വസ്തുത ബുദ്ധിയില്‍ ഉറയ്‌ക്കും. അതോടെ നോക്കാന്‍ വിഷയങ്ങള്‍ ഇല്ലാതാകും? ഫലമോ? നോക്കിക്കൊണ്ടിരുന്ന ആള്‍ ഇല്ലാതാകും. ഈ വസ്ഥയ്‌ക്കാണ്‌ ധ്യാനം എന്നുപറയുന്നത്‌.

ധ്യാനാവസ്ഥയില്‍ ചലനങ്ങളോ അതിന്റെ സങ്കല്‍പങ്ങളോ അവശേഷിക്കുന്നില്ലെന്ന്‌ സാരം. എല്ലാ പ്രശ്നങ്ങളും ഒടുങ്ങിയ ഒരു സുഖസ്ഥിതിയാണ്‌ ഇത്‌. അന്തര്‍ നേത്രത്തിന്റെ തെളിമയാണ്‌ ധ്യാനം. ഇതിനെ ഋഷിമാര്‍ നിര്‍വ്വികല്‍പ്പബോധം എന്നാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by