കൊച്ചി: കേരളത്തില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. കോഴിക്കോട്ടും എറണാകുളത്തും ഇന്ന് രാവിലെ എലിപ്പനി ബാധിച്ച് രണ്ട് പേര് മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി സാവിത്രിയും പറവൂര്‍ സ്വദേശിയും സതീഷുമാണ് മരിച്ചത്. കോഴിക്കോട്ട് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സാവിത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഇവര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വടക്കന്‍ കേരളത്തില്‍ 13 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ജാനുവെന്ന സ്ത്രീക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയില്‍ എലിപ്പനി ബാധിച്ച് ഇതുവരെ ആറ് പേര് മരിച്ചു. 81 പേര് എലിപ്പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് പേരും മരിച്ചു. ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് എലിപ്പനിയും മഞ്ഞപ്പിത്തവും കൂടുതലായി കണ്ടുവരുന്നത്. മൂവാറ്റുപുഴ കുന്നത്ത്നാട് പ്രദേശത്തെ തോട്ടം തൊഴിലാളികളിലാണ് രോഗ ബാധ കൂടുതലായി കണ്ടത്.
എലിപ്പനി ബാധ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എലിപ്പനി രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: