കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 21000 രൂപയിലെത്തി ഗ്രാമിന് 15 രൂപ വര്‍ധനവോടെ 2625 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതും വിലക്കയറ്റത്തിനു കാരണമായി.
21,320 രൂപയാണ് സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 4.87 ഡോളര്‍ വര്‍ധനവോടെ 1811.77 ഡോളര്‍ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുനത്. അടുത്ത ദിവസങ്ങളിലും സ്വര്‍ണ വില കുതിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.
വര്‍ഷാവസാനത്തോടെ ആഗോള വിപണിയിലെ വില 2000 ഡോളര്‍ കടന്നേക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഡിസംബര്‍ 31ഓടെ ട്രോയ് ഔണ്‍സിന് വില 2,038 ഡോളറിലെത്തുമെന്നാണ് ലണ്ടന്‍ ബുള്ള്യന്‍ നിരീക്ഷകരുടെ പക്ഷം. അടുത്ത വര്‍ഷം വില 2,268 ഡോളറായി വര്‍ധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
നടപ്പ് വര്‍ഷം വിലയില്‍ 25 ശതമാനം വര്‍ധനവാണുണ്ടായത്. 1,923.70 ഡോളറാണ് ആഗോള വിപണിയില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകളും അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതുമാണ് സ്വര്‍ണത്തിന് ആവശ്യം ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: