പൂജാരി ഗുരുവിനെയും വിഘ്നേശ്വരനായ ഗണപതിയേയും വന്ദിക്കുക എന്ന ക്രിയയാണ് ആസനസ്ഥനായ ശേഷം ആദ്യം ചെയ്യേണ്ടത്. ഗുരു എന്ന ശബ്ദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ആദ്യ ഗുരുവായ പരമേശ്വരന് (ശൈവം), വിഷ്ണു (വൈഷ്ണവം), പരാശക്തി (ശാക്തേയം), പരബ്രഹ്മം (വേദാന്തം) എന്നിവരില്‍ സമ്പ്രദായ ഭേദമനുസരിച്ച് ദേവനെയാണ്. ആദിഗുരുവില്‍ പരമ്പരയെ അനുസ്മരിച്ച് അവരുടെ അനുഗ്രഹം വാങ്ങിക്കുക എന്നതാണ് ഈ ക്രിയ കൊണ്ടുദ്ദേശിക്കുന്നത്. ഗുരുവിനെ ശരീരത്തിന്റെ ഇടതുഭാഗത്ത് ഹൃദയത്തിലാണ് സങ്കല്പിക്കേണ്ടതാണ്. ഇഡനാഡിയിലൂടെ ഉയര്‍ന്ന് സഹസ്രാരപത്മത്തിലെത്തി ലയനം പ്രാപിച്ച കുണ്ഡലിനി ശക്തിയെ ഉണര്‍ത്തുന്ന ഈശ്വരീയ ശക്തിയേയാണ് യോഗശാസ്ത്ര പ്രകാരം ഗുരുവെന്ന് പറയുന്നത്. ശിരസ്സിലെ സഹസ്രാരപത്മത്തിലാണ് ആദിഗിരുവിന്റെ ആവാസസ്ഥാനം. തുടര്‍ന്ന് ഗണപതിയെ മൂലാധാരത്തിന്റെ അധിദേവത എന്ന നിലയില്‍ പിംഗള നാഡിയിലൂടെ ഒഴുകുന്ന സാധകശക്തിയെ തന്റെ ഹൃദയത്തിന്റെ വലതുഭാഗത്ത് സങ്കല്പിച്ച് പൂജാരി ധ്യാനിക്കേണ്ടതാണ്. മൂലാധാരത്തില്‍ മൂന്നര ചുറ്റായി നിദ്രയിലുള്ള കുണ്ഡലിനീ ശക്തിയെ ഉണര്ത്തുവേണം സാധകന് പൂജയാരംഭിക്കുവാന്. ഗുരുഗണപതി വന്ദനം മനസ്സിനെ ഏകാഗ്രമാക്കി ശ്രദ്ധയോടെ ചെയ്യേണ്ട കര്‍മ്മമാണ്. ഗുരുവിനെ വന്ദിക്കുമ്പോള്‍ പൂജാരി സ്വയം പരിചയപ്പെടുത്തേണ്ടതാണ്. അഭിവാദനത്തില്‍ തന്റെ നാമം ചേര്‍ത്ത് വന്ദിക്കുക എന്നാണ് ഇതിന്റെ രീതി. ദേവപൂജ ചെയ്യാന്‍ ഉപയോഗിക്കുന്ന കൈകളെ പവിത്രീകരിക്കുന്ന കരന്യാസമാണ് പിന്നീട് ചെയ്യേണ്ടത്. ഓരോ ദേവന്റെയും അസ്ത്രമന്ത്രവും, മൂലമന്ത്രവും ചൊല്ലി വേണം കരന്യാസം ചെയ്യുവാന്‍. പ്രണവ സമേതമായ മൂലമന്ത്രം കൊണ്ട് കൈകളുടെ അകത്തും പുറത്തും ചുറ്റും വ്യാപകം ചെയ്ത് വിരലുകളില്‍ ന്യസിക്കുകയാണ് ചെയ്യേണ്ടത്. പൂജകന്റെ കൈകള്‍ മന്ത്രചൈതന്യത്താല് പവിത്രീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആ കൈകളെകൊണ്ട് പൂജ ചെയ്യുക എന്ന കര്‍മ്മം മാത്രമേ ചെയ്യാന്‍ പാടുള്ളൂ. പ്രസാദം നല്‍കുന്നത് പൂജ കഴിഞ്ഞതിന് ശേഷമേ പാടുള്ളൂ. തുടര്‍ന്ന് താളത്രയം ചെയ്യുന്നു. മനുഷ്യനെ കേന്ദ്രീകരിച്ചാണല്ലോ വിശ്വം മുഴുവനും നിറഞ്ഞുനില്ക്കുന്ന ചൈതന്യത്തെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ വീക്ഷണത്തിന് സര്‍വലോക വ്യാപ്തി ആവശ്യമാണ്. മൂന്നുലോകത്തിലും ഉള്ള അനുകൂല ഊര്‍ജ്ജത്തെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് താളത്രയം ചെയ്യുന്നത്. കൈകളെ തമ്മിലടിച്ച് ശബ്ദമുണ്ടാക്കി അസ്ത്രമന്ത്രം ജപിച്ച് മൂന്നുതവണ ഈ പ്രക്രിയ ചെയ്യേണ്ടതാണ്. തന്റെ ശരീരത്തിന് ചുറ്റും മന്ത്രങ്ങളെകൊണ്ട് സുരക്ഷിതമായ വലയം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ക്രിയയെ ദഗ്ബന്ധനം എന്നുപറയുന്നു. നാലുദിക്കുകളെയും നാലുകോണുകളെയും മുകളും, താഴെയുമായി പത്തുദിശകളെ അസ്ത്രമന്ത്രം കൊണ്ട് ദിഗ്ബന്ധനം ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: