കൊച്ചി: ജില്ലയില്‍ പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ച വ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സും രംഗത്തിറങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. നിലവില്‍ നല്ല രീതിയിലാണ് രോഗപ്രതിരോധം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന വൈറല്‍പനിക്കും, മഞ്ഞപ്പിത്തത്തിനുമെതിരെ ആയുര്‍വേദ വകുപ്പ് സ്വീകരിക്കേണ്ട അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മഞ്ഞപ്പിത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത അശമന്നൂര്‍, ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സമയോചിതമായ ഇടപെടല്‍ മൂലം രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഒഫീസര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആയുര്‍വേദ വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും നേതൃത്വത്തില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ബോധവല്കരണ ക്ലാസുകള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്താനും ഹോമിയോ, അലോപ്പതി തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ച് കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം.ഫോണ്‍: 04842335592.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബാബു ജോസഫ്, കെ.കെ.സോമന്, ജില്ലാ പഞ്ചായത്തംഗം അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: