ന്യൂയോര്‍ക്ക്: ആഗോള സമാധാനത്തിനും സുരക്ഷിതത്വത്തിനും ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്നും അതിനെ നേരിടാന്‍ ഭീകരവാദ ബന്ധങ്ങളേയും അവരുടെ ഒളിത്താവളങ്ങളേയും നശിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്നും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗം ഹര്‍ദീപ് സിംഗ് പുരി ആവശ്യപ്പെട്ടു. ഇപ്പോള്‍ ഭീകരവാദം ഒരു ആഗോള പ്രശ്നമായിരിക്കുന്നു. അത് അന്തര്‍ദ്ദേശീയ സമൂഹത്തിനുതന്നെ ഭീഷണിയായി മാറുകയാണ്. ഭീകരവാദികള്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഒരു രാഷ്ട്രത്തിലാണെങ്കില്‍ അവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് മറ്റൊരു രാഷ്ട്രത്തില്‍നിന്നാണ്. അവരുടെ പ്രവര്‍ത്തനമേഖല മൂന്നാമതൊരു രാജ്യവുമാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ക്ക് ആഗോളമായ വിതരണശൃംഖലകളും സാമ്പത്തിക വ്യവസ്ഥയുമുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് അവര്‍ ഉപയോഗിക്കുന്നത്. ഭൂഖണ്ഡങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയാസമയത്തു നടത്താനുള്ള മറ്റു ഭൗതിക സാഹചര്യങ്ങളും അവര്‍ കൈവരിച്ചിരിക്കുന്നു, അദ്ദേഹം തുടര്‍ന്നു. ഭീകരവിരുദ്ധ കമ്മറ്റിയുടെ ചെയര്‍മാനായ പുരി അന്തര്‍ദ്ദേശീയ ഭീകരവാദ വിരുദ്ധ സഹകരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരെ കേന്ദ്രീകൃതമായ ഒരു തന്ത്രം രൂപീകരിക്കേണ്ടത് ആവശ്യമാണ്. അതിനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണ്, അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു കേന്ദ്രീകൃത സഹകരണത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു കൂട്ടായ്മയില്‍നിന്ന് ഉരുത്തിരിയുന്ന ഭീകരവാദത്തിനെതിരായ തന്ത്രത്തില്‍ സാങ്കേതിക സഹായവും കഴിവ് വര്‍ധിപ്പിക്കലും ഗുണകരമായ അനുഭവങ്ങളും പങ്കുവെക്കപ്പെടേണ്ടതാണ്. കൂടാതെ അന്തര്‍ദ്ദേശീയ തലത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍ പോലീസ് ഉദ്യോഗസ്ഥര്‍, അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ ഇവര്‍ തമ്മിലും ആശയവിനിമയം നടക്കുകയും ഏറ്റവും മെച്ചമായ നടപടികള്‍ കണ്ടെത്തുകയും സ്വീകരിക്കുകയും വേണം, പുരി തുടര്‍ന്നു.
ദേശീയതലത്തില്‍ വൈകാരികവും രാഷ്ട്രീയവുമായി തീവ്രവാദികള്‍ക്ക് പ്രവര്‍ത്തനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സംസ്ക്കാരങ്ങളും മതങ്ങളുമായി കൂടിയാലോചിച്ച് ഒരു സഹിഷ്ണുതയുടെ സംസ്ക്കാരം, വൈവിധ്യങ്ങളെ ആദരിക്കുന്ന സംസ്ക്കാരം പ്രത്യേകിച്ചും പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സെപ്തംബര്‍ 28 നാണ് തീവ്രവാദ വിരുദ്ധ കമ്മറ്റി അതിന്റെ സ്ഥാപനത്തിന്റെ വാര്‍ഷികം കൊണ്ടാടുന്നത്. ഈയവസരത്തില്‍ കമ്മറ്റിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങളും ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങളും തയ്യാറാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: