തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാറിനെ ഐ.ടി.സി.എ അക്കാദമി ഡയറക്ടറാക്കിയതു സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഐ.ടി സെക്രട്ടറി ടി. ബാലകൃഷ്ണന് മൊഴി നല്കി.
അരുണ്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി ആരംഭിച്ച തെളിവെടുപ്പിലാണ് ബാലകൃഷ്ണന് മൊഴി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായാണ് അക്കാഡമി രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ചെയര്‍മാനും മകന് അരുണ്‍ കുമാര്‍ ഡയറക്റ്ററുമായാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ മെമ്മൊറാണ്ടം ഒഫ് അസോസിയേഷനില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ടി.ബാലകൃഷ്ണന് മൊഴി നല്കി.
വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്ത് ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍ ഇരിക്കവെതന്നെ സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. അനുമതിക്കായി കത്തു നല്കിയ ശേഷം ഇത്തരത്തില്‍ നിയമനം നടന്നതു ചട്ടവിരുദ്ധമാണെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
നിയമസഭാ സമ്മേളനത്തിനു ശേഷം വി.ഡി. സതീശന് അധ്യക്ഷനായ സമിതി തെളിവെടുപ്പു തുടരും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. നിയമസഭയില്‍ വിഷ്ണുനാഥ് ഉന്നയിച്ച നാല് ആരോപണങ്ങള്‍ അന്വേഷിക്കാനാണ് സ്പീക്കര്‍ സമിതി നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: