തലശ്ശേരി: ചിറക്കര അക്വലത്ത് യു.പി സ്കൂള്‍ പരിസരത്തെ മാര്‍വ എന്ന വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടത്തുകയായിരുന്ന തമിഴ്നാട്ടുകാരായ മോഷ്ടാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. സംഭവത്തിനിടയില്‍ അയല്‍വാസിയായ യുവാവിന് മോഷ്ടാവിണ്റ്റെ വെട്ടേറ്റു. മോഷ്ടാവിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. പൂട്ടിയിട്ട വീട്ടില്‍ നിന്നും പുലര്‍ച്ചെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് അയല്‍വീടായ നാത്ത് ഹൗസിലെ തലശ്ശേരി കൗണ്‍സിലര്‍ കൂടിയായ അന്‍സാറും സഹോദരന് അല്‍ത്താഫും എത്തിയപ്പോള്‍ വീടിണ്റ്റെ വെണ്റ്റിലേറ്റര് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. അടുക്കള ഭാഗത്തുകൂടെ മോഷ്ടാക്കളായ രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരുവരും മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം മോഷ്ടാക്കളില്‍ ഒരാള്‍ കൊടുവാള് കൊണ്ട് വെട്ടിയപ്പോഴാണ് അല്‍ത്താഫിണ്റ്റെ കൈക്ക് മുറിവേറ്റത്. അല്‍ത്താഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ മോഷ്ടാവിനെ പോലീസ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വയസ്സ് പ്രായം മതിക്കുന്ന ഇയാളുടെ പേര് മുകുന്ദന് എന്നാണെന്ന് പറയുന്നു. ബോധം തെളിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതിക്കായുളള തെരച്ചില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് നിന്നും തൊഴില്‍ തേടി നഗരത്തിലെത്തിയ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി വ്യക്തമായിട്ടുണ്ട്. സംഭവത്തിണ്റ്റെ വെളിച്ചത്തില്‍ അന്യദേശത്തു നിന്നും തൊഴില്‍തേടി എത്തുന്നവരെ മുഴുവന്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. അന്യദേശത്തു നിന്നും തൊഴിലിനായി ആളുകളെ കൊണ്ടുവരുന്ന സ്ഥാപനങ്ങളും വ്യക്തികളും അവരുടെ പേരു വിവരങ്ങള്‍ അതത് സമയം പോലീസിനെ അറിയിക്കണമെന്നും അല്ലാത്തവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തലശ്ശേരി ഡിവൈഎസ്പി എ.പി.ഷൗക്കത്തലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: