തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇടതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതവും ഏതാണ്ട് സ്തംഭിച്ച നിലയിലാണ്.
പെട്രോള്‍ വിലവര്‍ദ്ധന പിന്‍വലിക്കുക, ഇന്ധനവില നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്ക് നടത്തുന്നുണ്ട്. ഹര്‍ത്താല്‍ മധ്യകേരളത്തിലും ഏറെക്കുറെ പൂര്‍ണമാണ്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലോടുന്നത്. എറണാകുളം നഗരത്തില്‍ പല കേന്ദ്രങ്ങളിലും പോലീസ് ക്യാംപ് ചെയ്യുന്നു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ചിലയിടിങ്ങളില് കെ.എസ്.ആര്,.ടി.സി കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി. സ്വകാര്യ ബസ്, ടെമ്പോ, ടാക്സി, ഓട്ടോറിക്ഷകള്‍ തുടങ്ങയവ നിരത്തിലിറങ്ങിയില്ല. സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു. തിരുവനന്തപുരത്ത് പാറശാലയില്‍ രണ്ട് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഹര്‍ത്താല്‍ തുടങ്ങുന്നതിനു മുമ്പ് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവിടെ കല്ലേറുണ്ടായത്.
കൊല്ലത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴ പുറക്കാട്ട് കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറുണ്ടായതിനാല്‍ പാലക്കാട്- തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസിന്റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. ജില്ലയില്‍ ഒരിടത്തും അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
ഇടുക്കിയില്‍ ഹര്‍ത്താലനുകൂലികള്‍ കെ.എസ്.ഇ.ബി സെക്ഷ് ഓഫീസും, സബ് ഡിവിഷന് ഓഫീസും അടിച്ചു തകര്‍ത്തു. മലബാറില്‍ ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. ഇരു ചക്രവഹനങ്ങള്‍ ഒഴികെയുള്ളവ നിരത്തിലിറങ്ങുന്നില്ല. വാഹനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വടക്കന്‍ ജില്ലകളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രം സര്‍വീസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആര്ട.ടി.സി വ്യക്തമാക്കിയിരുന്നു.
ഹര്‍ത്താല്‍ തുടങ്ങുന്നതിനു മുമ്പ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത് പലയിടത്തും പ്രതിഷേധത്തിനിടയാക്കി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പുലര്‍ച്ചെ നാലിന് സര്‍വീസുകള്‍ നിര്ത്തിവെച്ചതിനെതിരെയായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: