തിരുവനന്തപുരം: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22ന് തറക്കല്ലിടും. കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് തറക്കല്ലിടല്‍ തിയതി നിശ്ചയിച്ചത്.
കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കഞ്ചിക്കോട് ഫാക്ടറിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നോഡല്‍ ഓഫീസറെ നിയമിക്കും. അതേസമയം റെയില്‍വേ സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം ഉടന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ത്രിവേദി വ്യക്തമാക്കി.
റെയില്‍ സുരക്ഷയ്ക്കാണ് റെയില്‍വേ ഇപ്പോള്‍ മുഖ്യപരിഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ റെയില്‍ വികസനം സാധ്യമാകൂ. ഇതിനായി നിരവധി വകുപ്പുകളെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
റെയില്‍വേയുടെ സേവനം പരമാവധി ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി തിരുവനന്തപുരം റെയില്‍ വൈദ്യുതീകരണം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരത്തെത്തിയ ത്രിവേദിയും സഹമന്ത്രി മുനിയപ്പയും റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: