Categories: Ernakulam

ബൈപ്പാസില്‍ കയ്യേറ്റക്കാര്‍ 110; ഒഴിപ്പിച്ചത്‌ 29 മാത്രം

Published by

മരട്‌: ഇടപ്പള്ളി-അരൂര്‍ ബൈപാസിനായി കോടികള്‍ മുടക്കി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി 110 വ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയതായി ഔദ്യോഗിക രേഖകളില്‍നിന്നും വ്യക്തമാവുന്നു. ദേശീയപാതാ 47ന്റെ നിര്‍മാണത്തിനും തുടര്‍ന്നുള്ള വികസനങ്ങള്‍ക്കുമായി സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇടപ്പള്ളി മുതല്‍ അരൂര്‍വരെ സ്ഥലം ഉടമകളില്‍നിന്നും ഭൂമി ഏറ്റെടുത്തത്‌. ആദ്യം രണ്ടുവരി മാത്രമായി നിര്‍മാണം പൂര്‍ത്തിയാക്കി ദേശീയപാത, പിന്നീട്‌ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയപാതാ അതോറിറ്റി ഓഫ്‌ ഇന്ത്യ ഏറ്റെടുത്താണ്‌ പുതിയ പാലങ്ങളും മറ്റും നിര്‍മിച്ച്‌ നാലുവരി വാഹനഗതാഗതത്തിനുള്ള ബൈപാസാക്കി മാറ്റിയത്‌.

ദേശീയപാതയുടെ നിര്‍മാണം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍തന്നെയാണ്‌ റോഡിനിരുവശത്തുമായി ഒട്ടേറെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ലാഭക്കണ്ണും കച്ചവടസാധ്യതകളും മുന്നില്‍കണ്ട്‌ ഏക്കറുകണക്കിന്‌ ഭൂമി വാങ്ങിക്കൂട്ടിയത്‌. ആദ്യഘട്ടത്തിലെ രണ്ടുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന്‌ തുറന്നുകൊടുത്തതോടെയാണ്‌ റോഡിനിരുവശങ്ങളിലും നിയമം ലംഘിച്ച്‌ വ്യാപകമായ കെട്ടിടനിര്‍മാണവും പഞ്ചായത്തിന്റേയും നഗരസഭയുടെയും ഒത്താശയോടെ ഭൂമി കയ്യേറ്റവും തുടങ്ങിയത്‌.

ഇതിനിടെ ദേശീയപാത ബൈപാസ്‌ നാലുവരിയാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കയ്യേറ്റക്കാരുടെ ഇടപെടല്‍ മൂലം ആദ്യം കരാറെടുത്ത കമ്പനി പണി ഉപേക്ഷിച്ചുപോയി. കൂടിയ തുകയ്‌ക്ക്‌ മറ്റൊരു കമ്പനി കരാറെടുത്തപ്പോഴും പണി തടസപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍നിന്നും നടന്നുവന്നു. എന്നാല്‍ കയ്യേറ്റം കഴിഞ്ഞുള്ള ബാക്കിസ്ഥലത്ത്‌ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പണി തടസപ്പെടുത്താനുള്ള ശ്രമം പലയിടത്തും വിഫലമായി. ഇതിനിടെയാണ്‌ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യം പൊതുവായി ഉയര്‍ന്നുവന്നത്‌.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും രേഖകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇത്‌ പൂര്‍ണമായും ഫലം കണ്ടില്ല. ബൈപാസിലെ ആകെയുള്ള കയ്യേറ്റങ്ങളില്‍ 29 എണ്ണം മാത്രമാണ്‌ നാളിതുവരെയായി ഒഴിപ്പിക്കാന്‍ കഴിഞ്ഞതെന്നാണ്‌ അധികൃതര്‍ അറിയിക്കുന്നത്‌. സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച രേഖകള്‍ ലഭിച്ചാല്‍ മാത്രമേ ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിക്കാന്‍ കഴിയൂ എന്നാണ്‌ എന്‍എച്ച്‌എഐ അധികൃതര്‍ പറയുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by